നിക്ഷേപത്തട്ടിപ്പ്‌ : കെപിസിസി സെക്രട്ടറി മുഖ്യപ്രതി

ശ്രീനിവാസൻ , ബിജു


തൃശൂർ കോടിക്കണക്കിന്‌ രൂപയുടെ നിക്ഷേപത്തട്ടിപ്പ്‌ കേസിൽ കെപിസിസി സെക്രട്ടറി സി എസ്‌ ശ്രീനിവാസൻ മുഖ്യപ്രതി. പൂങ്കുന്നം ഹീവാൻ നിധി ലിമിറ്റഡ്, ഹീവാൻ ഫിനാൻസ്‌ കമ്പനികളുടെ പേരിലായിരുന്നു തട്ടിപ്പ്‌. കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ്‌ സി എസ്‌ ശ്രീനിവാസൻ. കേസിൽ ബിജെപി, ആർഎസ്‌എസ്‌ ബന്ധമുള്ള ക്രിമിനൽ ബിജു മണികണ്‌ഠനും പ്രതിയാണ്‌. സി എസ്‌ ശ്രീനിവാസന്റെ ജാമ്യാപേക്ഷ കോടതി പരിഗണനയിലായതിനാൽ അറസ്‌റ്റ്‌ ചെയ്യാനായിട്ടില്ല.  62 നിക്ഷേപകരിൽനിന്നും പണം സ്വീകരിച്ച് 7.78 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് കേസ്‌. എന്നാൽ നൂറുകണക്കിനാളുകൾ പരാതിയുമായി രംഗത്തുണ്ട്‌. 30 കോടിയോളം രൂപ  തട്ടിയെടുത്തെന്നാണ്‌ പൊലീസിന്‌ ലഭിച്ച വിവരം. തൃശൂർ സിറ്റി ജില്ലാ ക്രൈംബ്രാഞ്ചാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.    നിക്ഷേപം തിരിച്ചുകിട്ടാത്തതിനാൽ ഫെബ്രുവരിയിൽ നൂറുകണക്കിനാളുകൾ പൂങ്കുന്നം ചക്കാമുക്കിലെ ധനകാര്യസ്ഥാപനത്തിലെത്തിയെങ്കിലും ജീവനക്കാർ സ്ഥാപനം പൂട്ടി കടന്നു. തുടർന്ന്‌ ഇവർ കോൺഗ്രസ്‌ നേതാക്കൾക്ക്‌ പരാതി നൽകി. ലോക്‌സഭാ തെരഞ്ഞെടുപ്പായതിനാൽ സി എസ്‌ ശ്രീനിവാസനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പാർടി നേതൃത്വത്തിന്‌. തൃശൂർ കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷനായിരുന്ന ഇയാൾ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊടുങ്ങല്ലൂർ സീറ്റിനായി വൻ തുകയാണ്‌ പാർടിക്ക്‌ നൽകിയത്‌. കോൺഗ്രസ്‌ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചെങ്കിലും ഒടുവിൽ ഗ്രൂപ്പ്‌ തർക്കത്തിൽ പുറത്തായി.  നിക്ഷേപത്തട്ടിപ്പു കേസിൽ ജയിലിലുള്ള കമ്പനി ഡയറക്ടർ കൂടിയായ പുതൂർക്കര പുത്തൻവീട്ടിൽ ബിജു മണികണ്ഠൻ (പുഴമ്പള്ളം ബിജു) പൊലീസ് ഗുണ്ടാ ലിസ്‌റ്റിൽപ്പെട്ടയാളാണ്‌. ബിജെപി, ആർഎസ്‌എസ്‌ സജീവ പ്രവർത്തകനായ ഇയാൾക്ക്‌ ശ്രീരാമസേന ഭാരവാഹിത്വവുമുണ്ട്‌. Read on deshabhimani.com

Related News