കെപിസിസി സെക്രട്ടറിയുടെ നിക്ഷേപത്തട്ടിപ്പ് : നേതൃത്വം പ്രതിക്കൂട്ടിൽ
തൃശൂർ പത്തുകോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസൻ ജയിലിലായതോടെ കോൺഗ്രസ് നേതൃത്വവും പ്രതിക്കൂട്ടിൽ. ഹീവാൻ നിധി ലിമിറ്റഡ്, ഹീവാൻ ഫിനാൻസ് എന്നീ കമ്പനികളുടെ പേരിൽ നിക്ഷേപം സ്വീകരിച്ച്, തിരിച്ചു നൽകാതെ വഞ്ചിച്ചെന്ന കേസിലാണ് കമ്പനി മാനേജിങ് ഡയറക്ടറായ ശ്രീനിവാസൻ ജയിലിലായത്. പണം തിരിച്ചുകിട്ടാത്ത നിക്ഷേപകർ ശ്രീനിവാസനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും തൃശൂർ ഡിസിസിക്കും പരാതി നൽകിയിട്ടും നേതൃത്വം നടപടിയെടുത്തില്ല. നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്ത പണം പല നേതാക്കൾക്കും പങ്കുവച്ചതായാണ് സൂചന. കെ സുധാകരന്റെ ഗ്രൂപ്പുകാരനാണ് ശ്രീനിവാസൻ. ഇയാൾക്കെതിരെ പരാതി നൽകാൻ തൃശൂർ ഡിസിസി ഓഫീസിലെത്തി മണിക്കൂറുകൾ കാത്തുനിന്നിട്ടും പ്രസിഡന്റ് ജോസ് വള്ളൂർ കാണാൻ അനുവദിച്ചില്ലെന്ന് നിക്ഷേപകർ പറഞ്ഞു. പിന്നീട് ഓഫീസ് ചുമതലയുള്ള ഡിസിസി സെക്രട്ടറിക്ക് പരാതി കൈമാറി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും പരാതി അയച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ടി എൻ പ്രതാപനെയും കെ മുരളീധരനെയും നേരിൽ കണ്ട് പരാതി ഉന്നയിച്ചു. പണം തിരിച്ചുകിട്ടാൻ നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിച്ചു. എന്നാൽ നടപടിയുണ്ടായില്ല. തുടർന്ന് പൊലീസിനെ സമീപിക്കാൻ ഒരുങ്ങിയ നിക്ഷേപകരെ ശ്രീനിവാസൻ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയായിരുന്നു. ശ്രീനിവാസൻ നേരത്തേ തൃശൂർ കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷനായിരുന്നു. കെഎസ്‌യു ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഈ നേതൃസ്ഥാനം പറഞ്ഞാണ് നിക്ഷേപകരെ സമീപിച്ചത്. വൻ പലിശ വാഗ്‌ദാനം ചെയ്‌തതോടെ ഉന്നതരടക്കം പണം നിക്ഷേപിച്ചു. നിശ്‌ചിത സമയം കഴിഞ്ഞിട്ടും തിരികെ നൽകിയില്ല. 62 പേരുടെ പരാതിയിൽ തൃശൂർ വെസ്‌റ്റ് പൊലീസ് രജിസ്‌റ്റർ ചെയ്‌ത 18 കേസിലായി 9.85 കോടി തിരിച്ചു നൽകാനുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി നിരവധി പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. നിലവിൽ സിറ്റി ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. Read on deshabhimani.com