റദ്ദാക്കിയ വൈദ്യുതി കരാർ പുനഃസ്ഥാപിക്കൽ; തീരുമാനം സർക്കാർ കൈക്കൊള്ളും



തിരുവനന്തപുരം വൈദ്യുതി റഗുലേറ്ററി കമീഷൻ റദ്ദാക്കിയ വൈദ്യുതി കരാറുകൾ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച്‌ അന്തിമ തീരുമാനം സർക്കാർ കൈക്കൊള്ളും. ചൊവ്വാഴ്ച ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റേതാണ്‌ തീരുമാനം. കരാറിന്റെ നിയമവശങ്ങൾ പരിഗണിച്ച്‌ മന്ത്രിസഭാ യോഗമാകും തീരുമാനമെടുക്കുക. സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് 450 മെഗാവാട്ടിന്റെ മൂന്ന് ദീർഘകാല കരാറുകൾ റഗുലേറ്ററി കമീഷൻ റദ്ദാക്കിയത്‌.  പ്രശ്നങ്ങൾ പരിഹരിച്ച്‌ ഈ കരാറുകൾ പുനഃസ്ഥാപിക്കുന്നതാണ് സംസ്ഥാനത്തിന് ഗുണകരമെന്നാണ്‌ ഉന്നതതല യോഗത്തിന്റെ വിലയിരുത്തൽ. ഉയർന്ന തുകയ്ക്കുള്ള പുതിയ കരാറുകൾ അംഗീകരിച്ചാൽ ബോർഡിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് കെഎസ്ഇബി ചെയർമാൻ യോഗത്തിൽ അറിയിച്ചു. ഇലക്‌ട്രിസിറ്റി ചട്ടത്തിലെ സെക്ഷൻ 108 പ്രകാരം റദ്ദാക്കിയ കരാറുകൾ പുനഃസ്ഥാപിക്കാൻ സർക്കാരിന് റഗുലേറ്ററി കമീഷനോട് ആവശ്യപ്പെടാം. നിയമപ്രശ്‌നങ്ങൾ കൂടി പരിഗണിക്കേണ്ടതിനാലാണ്‌ അന്തിമ തീരുമാനം എടുക്കാൻ വിഷയം മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്കു വിട്ടത്‌. പ്രതിസന്ധി പരിഹരിക്കാൻ പുതിയ ടെൻഡർ വിളിച്ചപ്പോൾ അഞ്ചു വർഷത്തേക്ക് യൂണിറ്റിന് 6.88 രൂപ നിരക്കിൽ വൈദ്യുതി നൽകാമെന്നാണ്‌ ടെൻഡറിൽ പങ്കെടുത്ത അദാനി പവറും ഡിബി പവർ ലിമിറ്റഡും അറിയിച്ചത്‌. മൂന്നു മാസത്തേക്ക്‌ 350 മെഗാവാട്ട്‌ വാങ്ങാനുള്ള മറ്റൊരു ടെൻഡർ ചൊവ്വാഴ്‌ച തുറന്നപ്പോൾ യൂണിറ്റിന് 7 രൂപ 60 പൈസമുതൽ 9 രൂപ 36 പൈസയാണ് ടെൻഡറിൽ പങ്കെടുത്ത 12 കമ്പനികൾ ആവശ്യപ്പെട്ടത്. പിന്നീട്‌ റിവേഴ്‌സ് ബിഡിങ്ങിൽ ഇത് 7.60 രൂപയാക്കി. Read on deshabhimani.com

Related News