കെഎസ്‌ഇബി മീറ്റർ റീഡിങ്‌ 
ബ്ലൂടൂത്ത്‌ വഴി ; ‘സ്മാർട്ട് പോളിഗ്ലോട്ട് വയർലെസ് പ്രോബ്' വരുന്നു



തിരുവനന്തപുരം കെഎസ്‌ഇബി മീറ്റർ റീഡിങ്ങിനായി ബ്ലൂ ടൂത്ത് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ‘സ്മാർട്ട് പോളിഗ്ലോട്ട് വയർലെസ് പ്രോബ്' എന്ന ഉപകരണം വരുന്നു. പ്രതിമാസ ബില്ലിങ്ങിലേക്ക് മാറാനും ഉപയോക്താവിന് സ്വയം റീഡിങ് എടുക്കാനുമുള്ള നടപടിയുടെ ഭാഗമായാണിത്‌. ഒരു വർഷത്തിനുള്ളിൽ പ്രതിമാസ ബില്ലിങ്ങിലേക്ക് മാറാനാണ്‌ ശ്രമം.  ബില്ലിങ്ങിലെ കൃത്യത ഉറപ്പുവരുത്താൻ സോഫ്‌റ്റ്‌വെയറും പ്രത്യേക ബ്ലൂടൂത്ത് വയർലെസ് ഉപകരണവും ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്നൽ ആൻഡ്‌ സിസ്റ്റംസ്‌ പ്രൈവറ്റ്‌ ലിമിറ്റഡുമായി (എസ്‌എഎൻഡിഎസ്‌) ചേർന്ന്‌ നടപ്പാക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. മീറ്ററിൽ ഘടിപ്പിക്കുന്ന ഉപകരണം ബ്ലൂടൂത്ത് വഴി മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ച് സ്വന്തമായി എളുപ്പത്തിൽ റീഡിങ് എടുക്കാനാകും. ഇതുവഴി, വൈദ്യുതി കണക്ഷനുമായി ബന്ധിപ്പിച്ച ഉപയോക്താവിന്റെ മൊബൈൽ ഫോൺ നമ്പറിൽ വൈദ്യുതി ഉപയോഗത്തിന്റെ തൽസമയ വിവരം ലഭിക്കും. ഈ സംവിധാനം പരീക്ഷിക്കുന്നതോടെ ബിൽ തുകയുമായി ബന്ധപ്പെട്ട പരാതികൾക്കും പരിഹാരമാകുമെന്നാണ്‌ പ്രതീക്ഷ. മീറ്റർ റീഡർമാർ വീട്ടിലെത്തി രണ്ട്‌ മാസത്തിലൊരിക്കൽ വൈദ്യുതി ബില്ല്‌ നൽകുന്നതാണ്‌ നിലവിലെ രീതി. പ്രതിമാസം ബില്ല്‌ നൽകുന്നത്‌ ഉപയോക്താക്കൾക്ക്‌ അധിക ബാധ്യതയാകാതിരിക്കാനാണ്‌ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള ആലോചന.   Read on deshabhimani.com

Related News