സ്മാർട്ട് മീറ്റർ പദ്ധതി: ടെൻഡർ നടപടികളിലേക്ക് കെഎസ്‌ഇബി
തിരുവനന്തപുരം സ്മാർട്ട് മീറ്റർ പദ്ധതിയുടെ ആദ്യ ഘട്ട ടെൻഡർ നടപടികളിലേക്ക് കെഎസ്‌ഇബി. രണ്ട് പാക്കേജ് ആയാണ് ടെൻഡർ ചെയ്യുന്നത്. ആദ്യ പാക്കേജിൽ സ്മാർട്ട് മീറ്ററും വാർത്താ വിനിമയ സംവിധാനങ്ങളും ഉൾപ്പെടും. രണ്ടാമത്തേത് സോഫ്‌റ്റ്‌വെയറിനുമാകും. കേന്ദ്ര സർക്കാർ നിശ്ചയിച്ച രീതിയിൽ നിന്ന് മാറി സ്വന്തം നിലയിലാണ് കെഎസ്‌ഇബി സ്മാർട്ട് മീറ്റർ പദ്ധതി നടപ്പിലാക്കുന്നത്. 277 കോടി ചെലവ് വരുന്ന പദ്ധതി കെഎസ്‌ഇബി ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കും. സ്മാർട്ട് മീറ്റർ, ഹെഡ് എൻഡ് സോഫ്റ്റ് വെയർ, മീറ്റർ ഡാറ്റാ മാനേജ്മെന്റ് സിസ്റ്റം സോഫ്റ്റ് വെയർ ഉൾപ്പെടെയുള്ളവ കെഎസ്‌ഇബി വാങ്ങും. സെപ്റ്റംബറിൽ ടെൻഡർ തുറക്കും. സ്വന്തം നിലയിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ തീരുമാനിച്ചതോടെ കേന്ദ്രം വിഹിതം നൽകില്ല. ആദ്യ ഘട്ടത്തിൽ 3 ലക്ഷം സ്മാർട്ട് മീറ്ററാണ് സ്ഥാപിക്കുന്നത്. സർക്കാർ സ്ഥാപനങ്ങൾ, ഹൈ ടെൻഷൻ ഉപഭോക്താക്കൾ, സബ്സ്റ്റേഷനുകൾ, ട്രാൻസ്ഫോർമറുകൾ എന്നിവ ഇതിൽ ഉൾപ്പെടും. Read on deshabhimani.com