പുരപ്പുറ സൗരോർജം ; കെഎസ്‌ഇബി സബ്സിഡി നൽകിയത് 216.23 കോടി
കൊല്ലം പുരപ്പുറ സൗരോർജ പദ്ധതിയായ പിഎം സൂര്യ ഘർ യോജനയിൽ കെഎസ്‌ഇബി സബ്സിഡി ഇനത്തിൽ വിതരണംചെയ്‌തത് 216.23 കോടി രൂപ. ഇതോടെ ഈ പദ്ധതിയിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾക്ക് സബ്‌സിഡി നൽകിയതിൽ കേരളം രാജ്യത്ത് മൂന്നാമതെത്തി. ഗുജറാത്തും മഹാരാഷ്ട്രയുമാണ് മുന്നിൽ. ബുധൻ വരെയുള്ള കണക്കനുസരിച്ച് 27,862പേർക്കാണ് സബ്‌സിഡി നൽകിയത്. ഫെബ്രുവരി 13നു പദ്ധതി പ്രഖ്യാപിച്ച് ചുരുങ്ങിയ കാലത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് സബ്‌സിഡി ലഭ്യമാക്കിയ നേട്ടം കെഎസ്‌ഇബിക്ക് സ്വന്തമായി. ഒരു കിലോവാട്ട് ശേഷിയുള്ള സൗരോർജ യൂണിറ്റിന് 30,000 രൂപയും രണ്ട് കിലോവാട്ട് ശേഷിയുള്ളവയ്ക്ക് 60,000, മൂന്നു കിലോവാട്ടിനും അതിനു മുകളിൽ ശേഷിയുള്ളവയ്ക്ക് 78000 രൂപയുമാണ് സബ്‌സിഡി. മൂന്ന് കിലോവാട്ട് ശേഷിയുള്ള സോളാർ സംവിധാനം വഴി കുടുംബങ്ങൾക്ക് 300 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം. വൈദ്യുതി ചാർജിനത്തിൽ ശരാശരി 15,000 മുതൽ 20,0000 രൂപ വരെ പ്രതിവർഷം ലാഭിക്കാം. ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിൽ സ്വന്തം ഉപയോഗം കഴിഞ്ഞ് ശേഷിക്കുന്നത് കെഎസ്ഇബിക്ക് വിൽക്കാം. പദ്ധതിയിൽ രജിസ്‌റ്റർ ചെയ്‌തത് 2,36,027 പേരാണ്. 2,38,916 അപേക്ഷ ലഭിച്ചതിൽ 74,694 വീടുകളുടെ മേൽക്കൂര സോളാർ പ്ലാന്റ് സ്ഥാപിക്കാൻ അനുയോജ്യമാണെന്നു കണ്ടെത്തി. ഇതിൽനിന്ന് 298 മെഗാവാട്ട് ഉൽപ്പാദിപ്പിക്കാനാകും. 40,433 മേൽക്കൂരയിൽ സോളാർ പ്ലാന്റ് സ്ഥാപിച്ചു. 166.73 മെഗാവാട്ടാണ് ഉൽപ്പാദിപ്പിക്കുക. കൂടുതൽ അപേക്ഷകർ എറണാകുളം ജില്ലയിലാണ്–- 14,513. തൃശൂരാണ് തൊട്ടുപിന്നിൽ–- 9585. വയനാട്ടിലാണ് കുറവ്–- 374. കൊല്ലത്ത് 4842പേർ അപേക്ഷിച്ചിട്ടുണ്ട്. 885 വെണ്ടർമാരെ പ്ലാന്റ് സ്ഥാപിക്കാൻ കെഎസ്‌ഇബി എംപാനൽ ചെയ്‌തു. Read on deshabhimani.com