കരാർ റദ്ദാക്കി ; കേരളത്തിന്‌ കുറഞ്ഞനിരക്കിൽ വൈദ്യുതി നൽകില്ല



തിരുവനന്തപുരം സംസ്ഥാനത്തിനു  കുറഞ്ഞനിരക്കിൽ വൈദ്യുതി വാങ്ങുന്നതിനുള്ള കരാർ അപ്പലേറ്റ്‌ ട്രിബ്യൂണൽ റദ്ദാക്കി. കേരളത്തിന്‌ അർഹതപ്പെട്ട ദീർഘകാല കരാർപ്രകാരമുള്ള വൈദ്യുതി കുറഞ്ഞ നിരക്കിൽ നൽകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഉൾപ്പെടെയുള്ള കമ്പനികൾ നൽകിയ ഹർജിയിലാണ് ട്രിബൂണൽ വിധി. നിയമോപദേശം തേടിയശേഷം തുടർനടപടി സ്വീകരിക്കുമെന്നും വൈദ്യുതി വകുപ്പ് അറിയിച്ചു. യൂണിറ്റിന് നാലുരൂപ 29 പൈസക്ക് മൂന്നു കമ്പനികളിൽനിന്ന് 25 വർഷത്തേക്ക് 472 മെഗാവാട്ട് വൈദ്യുതി വാങ്ങാനായിരുന്നു കരാർ. 2014ൽ ഒപ്പിട്ട കരാർ പ്രകാരം 2016 മുതൽ സംസ്ഥാനം വൈദ്യുതി വാങ്ങിതുടങ്ങി. എന്നാൽ നടപടികളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി 2023 മെയ് മുതൽ ഇവരിൽനിന്ന് വൈദ്യുതി വാങ്ങുന്നത് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷൻ വിലക്കിയിരുന്നു. വേനൽസമയത്ത് സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക് വീണു.  2003ലെ വൈദ്യുതി നിയമം 108–-ാം വകുപ്പ് പ്രകാരം സർക്കാരിൽനിന്നും ലഭിച്ച നിർദ്ദേശം അനുസരിച്ചാണ്‌ റെഗുലേറ്ററി കമീഷൻ റദ്ദാക്കിയ ഉത്തരവ് പുനഃസ്ഥാപിച്ചത്‌. എന്നാൽ പഴയ നിരക്കിൽ വൈദ്യുതി നൽകാനാവില്ലെന്ന് പറഞ്ഞ്‌ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയും സ്വകാര്യകമ്പനികളായ ജിണ്ടാൽ പവർ ലിമിറ്റഡ്‌, ജിണ്ടാൽ ഇന്ത്യ തെർമൽ പവർ ലിമിറ്റഡ് ട്രിബ്യൂണലിനെ സമീപിയ്‌ക്കുകയായിരുന്നു. നേരത്തെ കരാർ റദ്ദാക്കിയപ്പോൾ 1200 കോടി രൂപ അധികംമുടക്കി കെഎസ്ഇബി പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാണ്‌ പ്രതിസന്ധി ഒഴിവാക്കിയത്. Read on deshabhimani.com

Related News