600 കോടിയുടെ അധിക ലാഭം: സോളാർവൈദ്യുതി കരാറിൽ ഒപ്പുവച്ച് കെഎസ്ഇബി



തിരുവനന്തപുരം സോളാർ വൈദ്യുതി കരാറിൽ ഒപ്പുവച്ച് കെഎസ്ഇബി. സോളാർ എനർജി കോ–- ഓപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്ഇസിഐ) 500 മെഗാ വാട്ട് വൈദ്യുതി 25 വർഷത്തേക്ക് വാങ്ങാനാണ് തീരുമാനം. യൂണിറ്റ് നിരക്ക് 3.42 രൂപയും 0.07 രൂപ ട്രെഡിങ് മാർജിൻ ചേർത്ത് 3.49 രൂപയാണ് വരുന്നത്. ഈ നിരക്കിൽ രണ്ട് മണിക്കൂർ പീക്ക് സമയത്ത് ഉൾപ്പെടെ ലഭിക്കുന്നതിനാൽ കെഎസ്ഇബിക്ക്‌ ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷ. വൈദ്യുതി 2026 മുതൽ ലഭിക്കും. പീക്ക് സമയത്ത് രണ്ട് മണിക്കൂർ നിർബന്ധമായും വൈദ്യുതി കമ്പനി നൽകണമെന്ന വ്യവസ്ഥയുള്ളതാണ് ചൊവ്വാഴ്ച ഒപ്പിട്ട കരാർ. ഈ കരാർ കാലയളവിൽ 600 കോടിരൂപയുടെ അധികലാഭം കെഎസ്ഇബിക്ക് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 2040ഓടെ പൂർണമായും പുനരുപയോഗ ഊർജസ്രോതസ്സുകളിലേക്ക് മാറുക, 2050ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ കരാർ. ഹിമാചൽപ്രദേശിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ സത്‌ലജ് ജൽ വൈദ്യുതി നിഗം (എസ്ജെവിഎൻ) ലിമിറ്റഡിൽനിന്ന് 25 വർഷത്തേക്ക്  യൂണിറ്റിന് 4.46 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള താൽപ്പര്യം കെഎസ്ഇബി അറിയിക്കുകയും റെഗുലേറ്ററി കമീഷനിൽ പെറ്റീഷൻ സമർപ്പിക്കുകയും ചെയ്തിരുന്നു. പെറ്റീഷന്റെ തലേദിവസം എസ്ജെവിഎൻ പ്രസ്തുത കരാർ പ്രകാരം വൈദ്യുതി നൽകാൻ സാധിക്കില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ആ കരാർ നഷ്ടപ്പെടുകയായിരുന്നു. രാജ്യത്തെ പുനരുപയോഗ ഊർജസ്രോതസ്സുകളിൽനിന്നുള്ള വൈദ്യുതി കരാറുകൾ പരിശോധിച്ചതിന്റെ ഭാഗമായി എസ്ഇസിഐയുടെ 1200 മെഗാവാട്ടിന്റെ ടെൻഡർ കണ്ടെത്തുകയായിരുന്നു. Read on deshabhimani.com

Related News