സ്‌മാർട്ടായി തീർപ്പാക്കിയത്‌ 20.37 ലക്ഷം ഫയൽ ; ഏപ്രിൽ മുതൽ 
ത്രിതല 
പഞ്ചായത്തുകളിലും



തിരുവനന്തപുരം ഇ – ഗവേണൻസ് രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കിയ കെ സ്മാർട്ടിലൂടെ തീർപ്പാക്കിയത്‌ 20.37 ലക്ഷം ഫയൽ. ജനുവരി ഒന്നുമുതൽ സംസ്ഥാനത്തെ നഗരസഭകളിൽ  വിന്യസിച്ച കെ സ്മാർട്ടിലൂടെ ഇതിനകം 27.31 ലക്ഷം ഫയലുകളാണ് സ്വീകരിച്ചത്‌. ഇതിൽ 74.6 ശതമാനവും തീർപ്പാക്കി. ഓരോ ഓഫീസിലെയും ജില്ലയിലെയും ഓരോ വിഭാഗം ഫയലുകളും തിരിച്ച് പരിഹരിച്ചതിന്റെ സ്ഥിതി പൊതുജനങ്ങൾക്ക് അറിയാൻ സൗകര്യമുണ്ട്‌. ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ പൊതുജനങ്ങൾക്ക്‌ സേവനം ലഭ്യമാക്കുന്ന കെ സ്മാർട്ട് ഏപ്രിൽ മുതൽ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഇതിന്‌ മുന്നോടിയായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ജനുവരി ഒന്നുമുതൽ കെ സ്മാർട്ടിന്റെ പൈലറ്റ് റൺ നടക്കും. നിലവിൽ ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ഐഎൽജിഎംഎസ് സംവിധാനം മാറ്റിയാണ് കൂടുതൽ പരിഷ്കരിച്ച പതിപ്പായ കെ സ്മാർട്ട് വിന്യസിക്കുന്നത്. ഇൻഫർമേഷൻ കേരളാ മിഷനാണ് രണ്ട് സോഫ്‌റ്റ്‌വെയറുകളും വികസിപ്പിച്ചത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെയും 152 ബ്ലോക്ക് പഞ്ചായത്തിലെയും 14 ജില്ലാ പഞ്ചായത്തിലെയും ജീവനക്കാർക്കുള്ള പരിശീലനം ജനുവരിയിൽ ആരംഭിക്കും.   Read on deshabhimani.com

Related News