കെഎസ്‌ആർടിസി കൊറിയർ സർവീസ്‌; കൊല്ലം കടന്ന് കശുവണ്ടിപ്പരിപ്പും മരുന്നും



കൊല്ലം > കെഎസ്‌ആർടിസി കൊറിയർ സർവീസിൽ കൊല്ലം ജില്ല കടക്കുന്നതിൽ ഏറെയും കശുവണ്ടിപ്പരിപ്പടക്കമുള്ള ചെറുകിട വ്യവസായ യൂണിറ്റുകളുടെ ഉൽപ്പന്നങ്ങൾ. കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ ഡിപ്പോകളിൽ പ്രവർത്തിക്കുന്ന കൊറിയർ സർവീസിലൂടെയാണ്‌ ചെറുകിട വ്യവസായ യൂണിറ്റുകളുടെ ഉൽപ്പന്നം മറ്റിടങ്ങളിൽ എത്തുന്നത്‌. സ്‌പെയർ പാർട്‌സ്‌, മരുന്നുകൾ, പച്ചക്കറി, ആഹാര സാധനങ്ങൾ, കശുവണ്ടി പ്പരിപ്പ്‌, വസ്‌ത്രങ്ങൾ, അടക്കമുള്ള സാധനങ്ങളാണ്‌ നിത്യേനപോകുന്നതിൽ ഏറെയും. കൊറിയർ ആൻഡ് ലോജിസ്റ്റിക്‌സ് സർവീസ് ജനം ഏറ്റെടുത്തതോടെ ടിക്കറ്റിതര വരുമാനത്തിലൂടെ വൻ നേട്ടം കൊയ്യുകയാണ് കെഎസ്‌ആർടിസി. നൂറുകണക്കിന്‌  പാഴ്‌സലുകളാണ്‌ ദിവസവും ഒരോകേന്ദ്രത്തിൽനിന്നും പോകുന്നത്‌.    ജില്ലയിലുള്ള നാല്‌ കൗണ്ടറുകളിലൂടെ സാധനങ്ങൾ 16 മണിക്കൂറിനുള്ളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക്‌ എത്തിക്കുന്നത്‌ വഴി പ്രതിമാസം ലഭിക്കുന്നത്‌ ശരാശരി 15ലക്ഷംരൂപ. ഓൺലൈൻ ഓർഡറുകളനുസരിച്ച്‌ വൻകിട വസ്‌ത്ര വ്യാപാരികൾ ആവശ്യക്കാരന്‌ വസ്‌ത്രങ്ങൾ എത്തിക്കുന്നതിനും ഈ കൊറിയർ സർവീസിനെയാണ്‌ ആശ്രയിക്കുന്നത്‌. ഏതുസാധനവും 16 മണിക്കൂറിനുള്ളിൽ കുറഞ്ഞ നിരക്കിൽ  ആവശ്യക്കാരുടെ കൈയിലെത്തിക്കുന്നതാണ്‌ സ്വകാര്യ സർവീസുകളെക്കാൾ  കെഎസ്‌ആർടിസിയെ ഹിറ്റാക്കുന്നത്‌. ഒരു കിലോ മുതൽ 30കിലോ വരെയുള്ള സാധനങ്ങൾക്ക്‌ 130രൂപയാണ്‌ ചാർജ്‌. എന്നാൽ, സ്വകാര്യ സർവീസുകളിൽ അഞ്ചു കിലോയ്‌ക്ക്‌ 50–-6-0രൂപയാണ്‌. തുടർന്നുള്ള ഓരോ കിലോയ്‌ക്കും 20രൂപ അധികം നൽകണം. കൊല്ലം, കൊട്ടാരക്കര ഡിപ്പോകൾ 24മണിക്കൂറും പുനലൂരും കരുനാഗപ്പള്ളിയും രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയുമാണ്‌ പ്രവർത്തിക്കുന്നത്‌. Read on deshabhimani.com

Related News