കൂടുതൽ ഡ്രൈവിങ്‌ സ്കൂളുകൾ 
ആരംഭിക്കും: മന്ത്രി ഗണേഷ്‌കുമാർ



തിരുവനന്തപുരം സംസ്ഥാനത്ത് 11 സ്ഥലങ്ങളിൽ ഡ്രൈവിങ്‌ സ്കൂളുകൾ ആരംഭിക്കാൻ കെഎസ്ആർടിസി നടപടി സ്വീകരിച്ചതായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു. കെഎസ്ആർടിസി ഡ്രൈവിങ്‌ സ്കൂളിൽ പരിശീലനം പൂർത്തിയാക്കി ലൈസൻസ് നേടിയ ആദ്യ ബാച്ചിന്റെ ലൈസൻസ് വിതരണവും വിവിധ  യൂണിറ്റുകളിൽ ആരംഭിക്കുന്ന മെഡിക്കൽ കെയർ സംവിധാനത്തിന്റെ ഉദ്ഘാടനവും ആനയറയിൽ  നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസി ഡ്രൈവിങ്‌ സ്കൂൾ കരിക്കുലത്തിൽ ഫസ്റ്റ് എയ്ഡ് നൽകുന്നതിനുള്ള പരിശീലനം ഉൾപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന പൗരന്മാരെ പരിചരിക്കാനും അത്യാഹിതങ്ങൾ കൈകാര്യം ചെയ്യാനും പ്രാപ്തമായ എമർജൻസി മെഡിക്കൽ കെയർ യൂണിറ്റുകൾ ആരംഭിക്കും. ആദ്യഘട്ടം തിരുവനന്തപുരം സെൻട്രൽ, കൊട്ടാരക്കര, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, സുൽത്താൻ ബത്തേരി, കണ്ണൂർ, കാസർകോട്, നെയ്യാറ്റിൻകര, നെടുമങ്ങാട്, തൃശൂർ  യൂണിറ്റുകളിലാണ് എമർജൻസി മെഡിക്കൽ കെയർ യൂണിറ്റുകൾ തുടങ്ങുക. ഇവ 24 മണിക്കൂറും പ്രവർത്തിക്കും. അടുത്തയാഴ്ചമുതൽ സംസ്ഥാനത്ത് എ സി സൂപ്പർഫാസ്‌റ്റ്‌ സർവീസുകൾ നിരത്തിലിറക്കുമെന്നും- മന്ത്രി പറഞ്ഞു. തിരുവനന്തപുരം സ്റ്റാഫ് ട്രെയിനിങ്‌ കേന്ദ്രത്തിൽ പരിശീലനം ലഭിച്ച ആദ്യ ബാച്ചിലെ 37 പേരിൽ 30പേർക്ക് ഡ്രൈവിങ്‌ ലൈസൻസ് ലഭിച്ചു.  ഡ്രൈവിങ്‌ ലൈസൻസുകൾ ഡിജിറ്റലാക്കി മാറ്റുമെന്നും ക്യുആർ കോഡിലൂടെ വെരിഫൈ ചെയ്യുന്ന സൗകര്യം നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News