കോഴിക്കോട് നിന്ന് കൂടുതൽ വിനോദ സർവീസുകളുമായി കെഎസ്‌ആർടിസി
കോഴിക്കോട് > വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി കോഴിക്കോട് ഡിപ്പോയിൽ നിന്ന് കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി കെഎസ്ആർടിസി. വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാകും യാത്രകൾ. ടിക്കറ്റേതര വരുമാനം വർധിപ്പിക്കാൻ ബജറ്റ് ടൂറിസം സെൽ പദ്ധതിയിൽപ്പെടുത്തിയാണ് പ്രത്യേക പാക്കേജ് നടപ്പാക്കുന്നത്. കോഴിക്കോട് ഡിപ്പോയിൽ നിന്നുള്ള യാത്രാപാക്കേജിന്റെ ആദ്യഘട്ടത്തിൽ വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കാണ് സർവീസ് നടത്തുകയെന്ന് അധികൃതർ അറിയിച്ചു. ഒരുദിവസംകൊണ്ട് വയനാട്ടിലെ പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ച് മടങ്ങാവുന്ന വിധത്തിൽ പദ്ധതി നടപ്പാക്കും. ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിട്ടില്ല. അടുത്ത മാസത്തോടെ ടൂറിസം സർവീസുകൾ പൂർണ തോതിൽ നടപ്പാക്കാനാണ് കെഎസ്‌ആർടിസിയുടെ പദ്ധതി. ഗവി സർവീസ് പത്തു ദിവസത്തിനകം കോഴിക്കോട്ടുനിന്നുള്ള ഗവി സർവീസ് പത്തു ദിവസത്തിനകം ആരംഭിക്കും. ഇതിനായുള്ള പരിശോധനകൾ പൂർത്തിയാക്കി. സഞ്ചാരികളെ പത്തനംതിട്ടയിലെത്തിച്ച്, അവിടെനിന്ന് സെമിബസ്സിൽ ഗവിയിലേക്ക് കൊണ്ടുപോകും. 16 പേർക്ക് സഞ്ചരിക്കാവുന്ന ബസ്സാണ് ഒരുക്കിയിട്ടുള്ളത്. പത്തനംതിട്ടയിൽ നിന്നാരംഭിക്കുന്ന സർവീസ് മണിയാർ, മൂഴിയാർ, കക്കി, ആനത്തോട് വഴി ഗവിയിലെത്തും. ഗവിയുടെ കുളിരും പ്രകൃതിഭംഗിയും ആസ്വദിച്ച് ഒരു രാത്രി ബസ്സിൽ താമസിക്കാനുള്ള സൗകര്യവും ഒരുക്കും. വനം വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഒക്ടോബർ 23- നാണ് ബജറ്റ് ടൂറിസം സെൽ എന്ന പേരിൽ പ്രത്യേക വിഭാഗം കെഎസ്ആർടിസി തുടങ്ങിയത്. മലപ്പുറം - മൂന്നാർ ടൂറിസം സർവീസിന്റെ വമ്പിച്ച വിജയത്തിനു പിന്നാലെയാണ് മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിച്ചത്. കെഎസ്ആർടിസി സർവീസ് കൂടുതൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്ക് താമസ സൗകര്യം നൽകുന്നതും പരിഗണനയിലുണ്ട്. നിലവിൽ മൂന്നാറിൽ മാത്രമാണ് കെഎസ്ആർടിസി ബസ്സിൽ അന്തിയുറക്കത്തിന് സൗകര്യം. ഇത് മറ്റു കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. യാത്രക്കാരുടെ താൽപ്പര്യമനുസരിച്ച് ഏകദിന ഉല്ലാസയാത്രകൾക്കാണ് കെഎസ്ആർടിസി പ്രധാന്യം നൽകുന്നത്. Read on deshabhimani.com