വാഹനം പൊളിക്കൽ: ബ്രത്ത്‌വെയ്റ്റുമായി ചേർന്ന്‌ 
നടപ്പാക്കാൻ കെഎസ്‌ആർടിസി



തിരുവനന്തപുരം > സംസ്ഥാനത്ത്‌ വാഹനം പൊളിക്കൽകേന്ദ്രം സ്ഥാപിക്കാൻ ഏജൻസികളുമായി ധാരണപത്രം ഒപ്പിടാൻ കെഎസ്‌ആർടിസി അനുമതി. സ്വകാര്യ കമ്പനികൾക്കുപകരം റെയിൽവേയുടെ നിയന്ത്രണത്തിലുള്ള ബ്രത്ത്‌വെയ്‌റ്റ്‌ ആൻഡ്‌ കോ ലിമിറ്റഡുമായി ചേർന്നാകും പൊളിക്കൽകേന്ദ്രം സ്ഥാപിക്കുക. നിർദേശങ്ങൾ കൃത്യമായി തയ്യാറാക്കുന്നതോടെ അന്തിമകരാർ ഒപ്പിട്ടേക്കും. കെഎസ്‌ആർടിസിയുടെ ഉടമസ്ഥതയിലുള്ള ഭൂമി ബ്രത്ത്‌വെയ്റ്റിന്‌ നൽകുകയും അവർ അവിടെ താൽക്കാലിക പൊളിക്കൽകേന്ദ്രം സ്ഥാപിക്കുകയും ചെയ്യും. ഇതിലൂടെ  ബ്രത്ത്‌വെയ്റ്റിന്‌ ലഭിക്കുന്ന ലാഭത്തിന്റെ ഒരു ഭാഗം കെഎസ്‌ആർടിസിക്കും ലഭിക്കും. ആദ്യഘട്ടത്തിൽ തെക്കൻമേഖലയിലാണ്‌ പദ്ധതി നടപ്പാക്കുക. സംസ്ഥാനത്ത്‌ 15 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിക്കാനുള്ള അനുമതി കെഎസ്‌ആർടിസിക്ക് നൽകി സർക്കാർ 2023ൽ ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഈ തീരുമാനത്തിൽ ഹൈക്കോടതി ഇടപെട്ടതോടെ നീണ്ടുപോകുകയായിരുന്നു. മധ്യ, വടക്കൻ മേഖലകളിലും ഓരോ കേന്ദ്രം സ്ഥാപിക്കേണ്ടിവരും. ഇത്‌ തുടർന്ന്‌ നടപ്പാക്കും. 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്ന്‌ കേന്ദ്രസർക്കാരാണ്‌ നിർദേശിച്ചത്‌. Read on deshabhimani.com

Related News