തലസ്ഥാനത്ത് രുചി വൈവിദ്ധ്യം തീർക്കാൻ കുടുംബശ്രീ പ്രീമിയം കഫെ
തിരുവനന്തപുരം > രുചികരമായ വിഭവങ്ങൾ മനസ്സ് നിറയെ കഴിക്കാൻ കുടുംബശ്രീയുടെ പ്രീമിയം കഫെ തിരുവനന്തപുരത്ത് ആരംഭിക്കുന്നു. ജില്ലയിലെ ആദ്യത്തെ പ്രീമിയം കഫെ രുചിയിലേറെ വൈവിധ്യങ്ങളാണ് ഭക്ഷണ പ്രേമികൾക്കായി ഒരുക്കുന്നത്. പ്രീമിയം കഫെ രൂപത്തിലും പ്രവർത്തനത്തിലും കുടുംബശ്രീയുടെ നിലവിലുള്ള കഫേകളിൽ നിന്ന് മികച്ചതും സൗകര്യമുള്ളതും ആയിരിക്കും. സ്റ്റാച്യു ഗവൺമെൻറ് പ്രസ്സിന് എതിർവശത്തായി 40 പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാൻ സാധിക്കുന്ന പ്രീമിയം സൗകര്യമുള്ള എസി റസ്റ്റോറന്റുകൾ ആയിട്ടാണ് ആരംഭിക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ഏഴ് മണിവരെയാണ് പ്രവർത്തന സമയം. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഭക്ഷണം ഓർഡർ ചെയ്യുവാനും സാധിക്കും. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം 15 മുതൽ 20 വരെ സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നുമുണ്ട്. അനന്തപുരി പ്രീമിയം കഫേ എന്ന കഫെ യൂണിറ്റുകളുടെ കണ്‍സോർഷൻ യൂണിറ്റിനാണ് പ്രവർത്തന ചുമതല. നിലവിലുള്ള ഹോട്ടലുകൾ നവീകരിച്ച് പ്രവർത്തനമാരംഭിക്കുന്ന കഫെ സംസ്ഥാനത്ത് 14 ജില്ലകളിലും ആരംഭിക്കാനാണ് കുടുംബശ്രീ മിഷൻ പദ്ധതിയിടുന്നത്. നിലവിൽ തൃശ്ശൂർ, കണ്ണൂർ, എറണാകുളം, പത്തനംതിട്ട, വയനാട് തുടങ്ങിയ ജില്ലകളിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന്റെ തനത് വിഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വിവാഹസമൃദ്ധമായ മെനുവാണ് ഒരുക്കിയിരിക്കുന്നത്. അനന്തപുരിയുടെ മിനി സദ്യ, പ്രാദേശികമായ രുചിക്കൂട്ടുകൾ ചേർത്ത് മൺചട്ടിയിൽ തയ്യാറാക്കുന്ന നെയ്മീൻ വിഭവമായ ഫിഷ് മൽഹാർ, മലബാറിന്റെ തനത് രുചി ചേരുന്ന മലബാർ വിഭാഗങ്ങൾ ചിക്കൻ സുക്ക, തലശ്ശേരി ദം ബിരിയാണി, കായിപ്പോള, പഴം നിറച്ചത്, ഉന്നക്കായ തുടങ്ങി നാവിന് രുചിയൂറും വിഭവങ്ങൾ വിവിധ ജ്യൂസുകൾ, മില്ലറ്റ് വിഭവങ്ങൾ എന്നിവയാണ് മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. Read on deshabhimani.com