പുരോഗതിയുടെ കൈയൊപ്പ്‌ നൽകാൻ ‘സിഗ്‌നേച്ചർ എംഇ’



ആലപ്പുഴ > ആറുമാസംകൊണ്ട്‌ സംരംഭങ്ങളുടെ വരുമാനം വർധിപ്പിക്കണം, വിപണി മെച്ചപ്പെടുത്തണം. അതിനെന്തുവഴിയെന്ന്‌ മത്സരിച്ച്‌ ആലോചിക്കുകയാണ്‌ സംസ്ഥാനത്തെ കുടുംബശ്രീ ജീവനക്കാർ ഇപ്പോൾ. കുടുംബശ്രീ സംഘടിപ്പിക്കുന്ന ‘സിഗ്‌നേച്ചർ എംഇ’ മത്സരാധിഷ്‌ഠിത കാമ്പയിനിലാണ്‌ പരസ്‌പരം മത്സരിച്ച്‌ സംരംഭങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ജീവനക്കാരിറങ്ങുന്നത്‌. 2024- 25 സാമ്പത്തിക വർഷം ഉപജീവനവർഷമായി ആചരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ്‌ കാമ്പയിൻ. പ്രവർത്തനമാരംഭിച്ച്‌ ഒരു വർഷം പിന്നിട്ട സൂക്ഷ്‌മസംരംഭം ജീവനക്കാർക്ക്‌ തെരഞ്ഞെടുക്കാം. നിലവിലെ അവസ്ഥ വിലയിരുത്തി പദ്ധതി തയ്യാറാക്കി ആറ്‌ മാസത്തിനുള്ളിൽ നിലമെച്ചപ്പെടുത്തണം. സംരംഭങ്ങളുടെ വരുമാനം വർധിപ്പിക്കുക, വളർച്ച കേന്ദ്രീകൃത സംരംഭങ്ങളാക്കി മാറ്റുക, പിന്തുണ സംവിധാനം ഉറപ്പാക്കുക, വിപണി മെച്ചപ്പെടുത്തുക എന്നിവയാണ്‌ കാമ്പയിൻ ലക്ഷ്യങ്ങൾ. സംരംഭങ്ങളുടെ തെരഞ്ഞെടുപ്പ്‌ നേരത്തെ പൂർത്തിയായി. 20ന്‌ മുമ്പ്‌ സംസ്ഥാന മിഷനിലും -ജില്ലാതലത്തിലും ദ്വിദിന ശിൽപ്പശാല സംഘടിപ്പിച്ച്‌  പ്രവർത്തനം അവലോകനംചെയ്യും. അടുത്ത മൂന്നുമാസത്തെ പ്രവർത്തന പദ്ധതിയും തയ്യാറാക്കും. കാമ്പയിൻ നടത്തിപ്പിനായി കോ- ഓർഡിനേഷൻ ടീമുകൾ രൂപീകരിച്ചു. ആറ്‌ മാസത്തിനുശേഷം നടത്തുന്ന അവലോകനത്തിൽ സംസ്ഥാനമിഷനിലും ജില്ലാതലത്തിലും മികച്ച പ്രവർത്തനം കഴ്‌ചവച്ച രണ്ട്‌ പദ്ധതി വീതം തെരഞ്ഞെടുക്കും. ഇങ്ങനെയെത്തുന്ന 30 പദ്ധതിയിൽനിന്ന്‌ സംസ്ഥാനതലത്തിലെ ആദ്യ മൂന്ന്‌ സ്ഥാനക്കാരെ തെരഞ്ഞെടുക്കും. സംരംഭങ്ങളുടെയും അംഗങ്ങളുടെയും മാസവരുമാനത്തിൽ 25 ശതമാനം വർധന, രജിസ്ട്രേഷൻ, ലൈസൻസ്‌ എന്നിവ ഉറപ്പാക്കൽ, കണക്കുകൾ കൃത്യമാക്കൽ, വിപണനതന്ത്രങ്ങൾ രൂപീകരിക്കൽ, ഉൽപ്പന്നങ്ങളുടെ ബ്രാൻഡിങ്‌, മൂല്യവർധിത ഉൽപ്പന്നങ്ങൾ, വൈവിധ്യവൽക്കരണം, അസംസ്‌കൃത വസ്‌തുക്കളുടെ സംഭരണത്തിലെ മികവ്‌ തുടങ്ങി 13 മാനദണ്ഡങ്ങളാണ്‌ വിലയിരുത്തുന്നത്‌. കോർകമ്മിറ്റിയുടെ അവലോകനം കൂടാതെ സംരംഭകരുടെ അനുഭവങ്ങളും കണക്കിലെടുത്തായിരിക്കും മികച്ച പദ്ധതികൾ കണ്ടെത്തുക. ആദ്യഘട്ട മത്സരങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ രണ്ട്‌ സ്ഥാനക്കാർക്ക്‌ 10,000, 5,000 വീതം ക്യാഷ് അവാർഡും ഫലകവും നൽകും. സംസ്ഥാനതലത്തിൽ ആദ്യ മൂന്ന്‌ സ്ഥാനക്കാർക്ക്‌ യഥാക്രമം 25,000, 15,000 10,000 രൂപ വീതം ക്യാഷ് അവാർഡ്‌ നൽകും. Read on deshabhimani.com

Related News