പറന്നുപറന്നൊരു യാത്ര; സ്വാതന്ത്ര്യദിനമാഘോഷിക്കാൻ

നതാഷ, സൗമ്യ, ശ്രീവിദ്യ, സിൽന


തിരുവനന്തപുരം > "പശൂനെ വളർത്തിയും കോഴിയെ വളർത്തിയും ആരെങ്കിലും രാജ്യതലസ്ഥാനത്ത്‌ സ്വാതന്ത്ര്യദിന പരേഡിൽ അതിഥിയായി പോയിട്ടുണ്ടാകുമോ? കുടുംബശ്രീ എനിക്ക്‌ അതിനുള്ള ഭാഗ്യം തന്നു. വിമാനത്താവളം പോലും കാണാത്ത ഞാൻ ഡൽഹിയിലേക്ക്‌ വിമാനത്തിൽ പോകും'– -തൃശൂർ ആമ്പല്ലൂർ കുടുംബശ്രീ യൂണിറ്റ്‌ അംഗമായ സൗമ്യ ബിജുവിന്‌ സ്വപ്നം പോലെയാണ്‌ ഈ അവസരം. വാർഷിക വരുമാനം ഒരുലക്ഷമെങ്കിലുമുള്ള സംരംഭകരായ അയൽക്കൂട്ടാംഗങ്ങളുള്ള ലാക്‌പതി ദീദി വിഭാഗത്തിൽ നിന്നാണ്‌ സൗമ്യ തെരഞ്ഞെടുക്കപ്പെട്ടത്‌. ഇതേ വിഭാഗത്തിൽനിന്ന്‌ എറണാകുളം സ്വദേശിനി നതാഷ ബാബുരാജും ഡൽഹി യാത്രയ്ക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. ഡ്രോൺ പറത്താൻ പരിശീലനം നേടി ലൈസൻസെടുത്ത "ഡ്രോൺ ദീദി' വിഭാഗത്തിൽനിന്ന്‌ പാലക്കാട്‌ സ്വദേശിനി ആർ ശ്രീവിദ്യ, കാസർകോട്‌ സ്വദേശിനി കെ വി സിൽന എന്നിവരും 13ന്‌ ഡൽഹിയിലേക്ക്‌ പുറപ്പെടുക. ഇരു വിഭാഗങ്ങളിലുമായി മികച്ച പ്രവർത്തനം കാഴ്ചവച്ചവരെയാണ്‌ സംസ്ഥാന കുടുംബശ്രീ മിഷൻ തെരഞ്ഞെടുത്തത്‌. പച്ചക്കറി കൃഷി, പശു, ആട്‌, കോഴി വളർത്തലുമാണ്‌ ജീവന കുടുംബശ്രീ യൂണിറ്റംഗമായ സൗമ്യയുടെ പ്രധാന വരുമാന മാർഗങ്ങൾ. ആമ്പല്ലൂർ ജീവ യൂണിറ്റ്‌ അംഗമാണ്‌. എറണാകുളം എടക്കാട്ടുവയൽ സ്വദേശി നതാഷ കൂൺകൃഷിയിലൂടെയും തേങ്ങയിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ നിർമിച്ചുമാണ്‌ ലാക്‌പതി ദീതിയുടെ ഭാഗമായത്‌. 2013 മുതൽ വന്ദന കുടുംബശ്രീ അംഗമാണ്‌. പാലക്കാട്‌ പഴയന്നൂർ അഹല്യ കുടുംബശ്രീ യൂണിറ്റ്‌ അംഗമായ ശ്രീവിദ്യ ചെന്നൈയിൽനടന്ന പരിശീലനത്തിനുശേഷമാണ്‌ ഔദ്യോഗിക ഡ്രോൺ പറത്തൽ ലൈസൻസ്‌ നേടിയത്‌. സ്വന്തമായി ഡ്രോണുമുണ്ട്‌. കുടുംബശ്രീയുടെയും സ്വകാര്യ വ്യക്തികളുടെയും കൃഷയിടങ്ങളിൽ മരുന്ന്‌ തളിക്കാനുംമറ്റും ശ്രീവിദ്യയും ഡ്രോണും മുൻപന്തിയിലുണ്ട്‌.  കാസർകോട്‌ അജനൂർ ജ്വാല യൂണിറ്റംഗം കെ വി സിൽനയും വിദഗ്ധ പരിശീലനത്തിലൂടെയാണ്‌ ഡ്രോൺ ലൈസൻസ്‌ നേടിയത്‌. കുടുംബശ്രീ സഹായത്തോടെ സ്വന്തമായി ഡ്രോണും വാങ്ങി. ചെന്നൈയിലും തിരുവനന്തപുരത്തുമടക്കം പരിശീലനക്ലാസുകളിൽ പങ്കെടുത്തിട്ടുണ്ട്‌. ഇവരുടെ മികച്ച പ്രകടനങ്ങളാണ്‌ അതത്‌ മേഖലകളിൽ നിന്ന്‌ തെരഞ്ഞെടുക്കപ്പെടാൻ കാരണം. 13ന്‌ കൊച്ചി വിമാനത്താവളത്തിൽനിന്ന്‌ ഡൽഹിയിലേക്ക്‌ പുറപ്പെടുന്ന സംഘം 16ന് തിരിച്ചെത്തും.   Read on deshabhimani.com

Related News