കുതിരാൻ ചുരം റോഡ് ഓർമയായി; പുതിയ തുരങ്കം ഏപ്രിലിൽ തുറക്കും
വടക്കഞ്ചേരി > കുതിരാൻ ക്ഷേത്രത്തിന് മുന്നിലൂടെയുള്ള പരമ്പരാഗത കുതിരാൻ റോഡ് ഓർമയായി. കുതിരാനിലെ രണ്ടാംതുരങ്കവും ഗതാഗതത്തിന് തുറക്കുന്നതിന്റെ ഭാഗമായാണ് പഴയ റോഡ് പൊളിച്ചത്. പഴയ റോഡ് ഇതിനകം പൂർണമായും പൊളിച്ചു മാറ്റിയതോടെ നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും സംസ്ഥാനത്തെ ചരക്കുഗതാഗതത്തിന് മുഖ്യപങ്ക് വഹിച്ചതുമായ റോഡാണ് ചരിത്രത്തിന്റെ ഭാഗമായത്. കഴിഞ്ഞ മാസം 20ന് റോഡ് പൊളിക്കൽ തുടങ്ങി. എന്നാൽ ക്രിസ്‌മസ് - പുതുവത്സര ആഘോഷങ്ങളിലെ തിരക്കിനെത്തുടർന്ന് കുറച്ച്ദിവസം നിർത്തിവച്ചിരുന്നു. ചൊവ്വ വൈകിട്ടോടെ റോഡിന്റെ മുഴുവൻ ഭാഗവും പൊളിച്ചു. കല്ല് പൊട്ടിക്കുന്ന പണി മാത്രമാണ് ബാക്കിയുള്ളത്. റോഡ് പൊളിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ 2021 നവംബർ 25മുതൽ ഇടത് തുരങ്കത്തിലൂടെ ഇരുവശത്തേക്കും വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയിരുന്നു. തിരക്ക് കൂടുമ്പോൾ പഴയ റോഡിലൂടെ വാഹനങ്ങൾ കടത്തിവിട്ടാണ് ഗതാഗതം നിയന്ത്രിച്ചിരുന്നത്. പരമ്പരാഗതപാത ഇല്ലാതായതോടെ വരുംദിവസങ്ങളിൽ കുരുക്ക് രൂക്ഷമാകാൻ സാധ്യതയുണ്ട്. ഒരു തുരങ്കത്തിലൂടെ മാത്രം വാഹനങ്ങൾ കടത്തിവിടുന്നതിന്റെ ഭാഗമായി മൂന്ന് കിലോമീറ്ററോളം ഗതാഗതക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ ഒറ്റവരിയായി മാത്രം പോകുന്നതിനാൽ അപകട സാധ്യത കൂടുതലാണ്. തിങ്കളാഴ്‌ച രാവിലെ കുതിരാൻ തുരങ്കത്തിനുള്ളിൽ അപകടമുണ്ടായി. രണ്ടാംതുരങ്കത്തിന്റെ നിർമാണം അതിവേഗം പൂർത്തിയാക്കി ഏപ്രിലിൽ തുറന്നു കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കുതിരാൻ തുരങ്കത്തിനോട് ചേർന്ന പഴയ ഇരുമ്പ്പാലവും ഇനി ഓർമയാകും. Read on deshabhimani.com