ക്യാമ്പുകളിലുണ്ട് വിദ്യാർഥികളുടെ സ്‌നേഹക്കൂട്ട്
കൽപ്പറ്റ ദുരിതബാധിതരെ കൈപിടിച്ചുയർത്താൻ ക്യാമ്പുകളിലാകെ വിദ്യാർഥികൾ. ഉരുളിൽ പരിക്കേറ്റ് ആശുപത്രികളിലെത്തിയവർക്ക് തുണയായ വിദ്യാർഥിക്കൂട്ടം ദുരിതാശ്വാസ ക്യാമ്പുകളിലും സജീവമാണ്. ക്യാമ്പുകളിൽ മാജിക്‌ഷോ, സംഗീതനിശ തുടങ്ങി വിവിധ ക്യാമ്പയിനാണ് എസ്‌എഫ്‌ഐ ഏറ്റെടുക്കുന്നത്. വെള്ളിയാഴ്‌ച അരപ്പറ്റ സിഎംഎസ് ഹയർ സെക്കൻഡറി, മേപ്പാടി മൗണ്ട് ടാബോർ, കൽപ്പറ്റ ഡിപോൾ എന്നീ സ്‌കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ മാജിക്‌ഷോ നടത്തി. ഞായർ മുതൽ വിവിധയിടങ്ങളിൽ സംഗീതനിശയുണ്ടാകും. ചൂരൽമലയിലും മുണ്ടക്കൈയിലും ദുരന്തത്തിന്റെ ആദ്യനാൾ മുതൽ രക്ഷാപ്രവർത്തനത്തിനും ആശുപത്രികളിലും ക്യാമ്പുകളിലുമായി നൂറുകണക്കിന്‌എസ്‌എഫ്‌ഐയുടെ സ്റ്റുഡന്റ് ബറ്റാലിയൻ വളന്റിയർമാരുണ്ട്. ഓരോ ക്യാമ്പുകളിലും മുപ്പത് വിദ്യാർഥികളുടെ സംഘം വീതം 24 മണിക്കൂറും സേവനത്തിനെത്തും. മേപ്പാടി വിംസ് ആശുപത്രിയിൽ ഹെൽപ്പ് ഡസ്‌കുമുണ്ട്. മേപ്പാടി പോളിടെക്‌നിക്കിലെ സമൂഹ അടുക്കളയിൽ സഹായത്തിന് 40 പേരുടെ സംഘമുണ്ട്. മേപ്പാടി മൗണ്ട് ടാബോർ, കൽപ്പറ്റ ഡിപോൾ ക്യാമ്പുകളിലെ പാചകം ഉൾപ്പെടെ വിദ്യാർഥികളുടെ നേതൃത്വത്തിലാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് വീടുകളിലെത്തുന്നവർക്ക് അവശ്യസാധനങ്ങളുടെ കിറ്റുകളും എത്തിക്കുന്നുണ്ട്. മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജിലെ എസ്‌എഫ്‌ഐ മെഡിക്കോസ് യൂണിറ്റ് ആറുകേന്ദ്രങ്ങളിലായി മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. Read on deshabhimani.com