മരണം 282, രക്ഷാദൗത്യം മൂന്നാം ദിനം, ആശങ്കയായി മഴ

പാലം നിര്‍മാണം, ഫോട്ടോ :എം എ ശിവപ്രസാദ്


ചൂരല്‍മല(വയനാട്)> വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 282 ആയി. പരിക്കേറ്റ 195 പേര്‍ ആശുപത്രിയില്‍ തുടരുകയാണ്. 240 പേരെ ഇനിയും കണ്ടെത്താനുണ്ട്. അതേസമയം വയനാട്ടില്‍ രക്ഷാ ദൗത്യത്തിന് തുടക്കമായി. ഇന്ന് രാവിലെയാണ് രക്ഷാ ദൗത്യം വീണ്ടും തുടങ്ങിയത്  തെരച്ചില്‍ കാര്യക്ഷമമായി മുന്നോട്ടുപോകുമ്പോഴും മഴതന്നെയാണ് ഇന്നും വെല്ലുവിളിയാകുക. സൈനികര്‍ നിര്‍മിക്കുന്ന ബെയ്‌ലി  പാലത്തിന്റെ നിര്‍മാണം തുടരുകയാണ്‌. 24 ടണ്‍ ശേഷിയാണ് പാലത്തിനുള്ളത്.  നിലമ്പൂര്‍ ചാലിയാര്‍ പുഴയിലും ഇന്ന് തെരച്ചില്‍ തുടരും. വനംവകുപ്പാണ് തെരച്ചില്‍ നടത്തുക. തമിഴ്‌നാട് അതിര്‍ത്തിയിലും തെരച്ചിലുണ്ടാകും. മുണ്ടക്കൈയില്‍ യ്ന്ത്രത്തിന്റെ സഹായത്തോടെയാണ് ഇന്ന് തെരച്ചില്‍ നടക്കുക. സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് മഴയെ അതീജിവിച്ചും  ദുരന്തഭൂമിയില്‍ തുടരുന്നത്.പിഞ്ചുകുഞ്ഞുങ്ങളുടെ ശരീരമെടുത്ത് ആശുപത്രിയിലേക്കെടുത്തോടുന്ന പ്രവര്‍ത്തകരുടെ ദൃശ്യവും, ചാലിയാറിലൂടെ ഒഴുകിയെത്തുന്ന ശരീരഭാഗങ്ങളുടെ കാഴ്ചയും ദുരിതത്തിന്റെ ഏറ്റവും വേദനാജനകമായ കാഴ്ചയാകുകയാണ്. യന്ത്രസാമഗ്രികള്‍ മുണ്ടക്കൈ ഭാഗത്തേയ്ക്ക് കൂടുതലായി എത്തിച്ചു.  ദൗത്യം തുടരുന്ന പല ഇടത്തും തുടര്‍ച്ചയായ മഴ മൂലം മണ്ണിടിഞ്ഞ് വീഴുമെന്ന് സ്ഥിതിയാണുള്ളത്. ഇന്നലെ മുണ്ടക്കൈ പ്രദേശത്ത് ശക്തമായ തിരച്ചില്‍ ആരംഭിച്ചെങ്കിലും മഴ എല്ലാം തടയുകയായിരുന്നു. നിര്‍ണായകമായ മണിക്കൂറുകളാണ് കടന്നുപോകുന്നത്. ദൗത്യം ഏത് നിലയില്‍ തുടരണം എന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും. അതേ സമയം പ്രരക്ഷാ പ്രകവര്‍ത്തകര്‍ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.   Read on deshabhimani.com

Related News