വീടിനുമുകളിൽ മണ്ണിടിഞ്ഞുവീണ് അമ്മൂമ്മയും പേരക്കുട്ടിയും മരിച്ചു
ചാലക്കുടി മലക്കപ്പാറയ്‌ക്കടുത്ത് തമിഴ്‌നാട് അതിർത്തിയിൽ വീടിന് മുകളിൽ മണ്ണ് വീണ് രണ്ടുപേർ മരിച്ചു. അപ്പർ ഷോളയാർ ഡാമിന് സമീപം മക്കം റോഡിൽ അറുമുഖന്റെ ഭാര്യ രാജേശ്വരി(58), ഇവരുടെ പേരക്കുട്ടി ജ്ഞാനപ്രിയ(15)എന്നിവരാണ് മരിച്ചത്. തിങ്കൾ അർധരാത്രിയോടെയായിരുന്നു സംഭവം. ഇവർ രണ്ടുപേർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാജേശ്വരിയുടെ നെഞ്ചോടുചേർന്ന് കിടക്കുന്ന നിലയിലായിരുന്നു ജ്ഞാനപ്രിയയുടെ മൃതദേഹം. തോട്ടം തൊഴിലാളിയായ രാജേശ്വരിയുടെ മകൾ സുഗുണയുടെ മകളാണ് ജ്ഞാനപ്രിയ. അപ്പർ ഷോളയാർ ഡാമിന് സമീപം ഗവ. സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ജ്ഞാനപ്രിയ. ചൊവ്വ പുലർച്ചെ, സമീപത്തെ കെട്ടിടത്തിലെ കാവൽക്കാരനായ അറുമുഖനെത്തിയപ്പോഴാണ് വീട് നിലംപതിച്ചത് കണ്ടത്. തുടർന്നെത്തിയ നാട്ടുകാരും പൊലീസും ചേർന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. Read on deshabhimani.com