ഇത് ചരിത്രം; രാജ്യത്തെത്തുന്ന ഏറ്റവും വലിയ കപ്പൽ വിഴിഞ്ഞത്ത്
തിരുവനന്തപുരം കപ്പൽ വഴിയുള്ള ഇന്ത്യയുടെ ചരക്ക് ഗതാഗതത്തിന് പുതുചരിത്രം കുറിച്ച് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം. എംഎസ്‌സിയുടെ പടുകൂറ്റൻ മദർഷിപ്പായ ‘ക്ലോഡ് ഗിറാർഡെറ്റ്’ വെള്ളി പകൽ 3.29ന് വിഴിഞ്ഞത്തടുത്തു. 399.99 മീറ്ററാണ് കപ്പലിന്റെ നീളം. വീതി 61.5 മീറ്റർ. കണ്ടെയ്‌നർ ശേഷി 24116 ടിയു. ഡ്രാഫ്‌റ്റ് 16.6 മീറ്റർ. ദക്ഷിണേഷ്യയിൽ വന്നിട്ടുള്ള ഏറ്റവും വലിയ ചരക്കുകപ്പലാണിത്. ജൂലൈ 11ന് ട്രയൽറൺ ആരംഭിച്ച തുറമുഖം കേരളത്തിന് നൽകിയ ഓണസമ്മാനമായി എംഎസ്‌സി ക്ലോഡ് ഗിറാർഡെറ്റിന്റെ വരവ്. മലേഷ്യയിൽനിന്ന് പോർച്ചുഗലിലേക്ക് പോകുന്നതിനിടെയാണ് കപ്പൽ ഇവിടെ എത്തിയത്. കണ്ടെയ്‌നറുകൾ പുനഃക്രമീകരിച്ച് രാത്രി എട്ടോടെ കപ്പൽ മടങ്ങി. ബർത്തിലുണ്ടായിരുന്ന സ്വാപേ 7 കപ്പൽ തുറമുഖം വിട്ടശേഷമാണ് ക്ലോഡ് ഗിറാർഡെറ്റ് എത്തിയത്. തുറമുഖത്ത് 20 മീറ്ററിലധികം സ്വാഭാവിക ആഴമുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും അത് അന്താരാഷ്‌ട്ര തലത്തിൽ തെളിയിക്കാൻ ക്ലോഡിന്റെ വരവോടെ കഴിഞ്ഞു. രാജ്യത്തെ പഴക്കമുള്ള വൻകിട തുറമുഖങ്ങൾക്കും അദാനിയുടെതന്നെ മുന്ദ്ര തുറമുഖത്തിനും കഴിയാത്തത് വിഴിഞ്ഞത്തിന് സാധിച്ചു. ഏഴോളം കപ്പൽ പുതുതായി ഇവിടേക്ക് വരുമെന്നാണ് വിവരം. ഇതിൽ കൂടുതലും ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയം ഷിപ്പിങ് കമ്പനിയുടെ ചരക്ക് കപ്പലുകളാണ്. Read on deshabhimani.com