അബുദാബി ശക്തി തായാട്ട് പുരസ്കാരങ്ങള്‍ സമ്മാനിച്ചു
കണ്ണൂര്‍: പ്രൗഢ സദസ്സിനെ സാക്ഷിയാക്കി ഈ വര്‍ഷത്തെ അബുദാബി ശക്തി-തായാട്ട് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് ഹാളിലെ എരുമേലി പരമേശ്വരന്‍പിള്ള നഗറില്‍ നടന്ന പരിപാടിയില്‍ ഇന്നസെന്റ് എംപിയാണ് പുരസ്കാര വിതരണം നിര്‍വഹിച്ചത്. സാമൂഹ്യ-സാംസ്കാരിക-സാഹിത്യ മേഖലകളിലെ സംഭാവനകള്‍ക്ക്് പ്രൊഫ. എം കെ സാനുവിന് ടി കെ രാമകൃഷ്ണന്‍ പുരസ്കാരം സമ്മാനിച്ചു. നിരൂപണത്തിനുള്ള തായാട്ട് അവാര്‍ഡ് പള്ളിപ്പുറം മുരളി ഏറ്റുവാങ്ങി.ഷീജ വക്കം (കവിത), സി പി ബിജു (ചെറുകഥ), ഗോപിനാഥ് കോഴിക്കോട് (നാടകം), ഇ പി ഹംസക്കുട്ടി (നോവല്‍), ഡോ. സുനില്‍ പി ഇളയിടം (വൈജ്ഞാനിക സാഹിത്യം), കെ രാജഗോപാലന്‍ (ഇതര സാഹിത്യകൃതികള്‍), എം എസ് കുമാര്‍ (ബാലസാഹിത്യം) എന്നിവര്‍ക്കും പുരസ്കാരം നല്‍കി.അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി കരുണാകരന്‍ എംപി അധ്യക്ഷനായി. പി കെ ശ്രീമതി എംപി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി തായാട്ട്- എരുമേലി അനുസ്മരണ പ്രഭാഷണം നടത്തി. ശരിയായ നിലപാടിനായി പ്രവര്‍ത്തിച്ചവരാണെന്ന് തായാട്ടും എരുമേലിയുമെന്ന് ദക്ഷിണാമൂര്‍ത്തി പറഞ്ഞു. സമൂഹത്തിനാകെ മുതല്‍ക്കൂട്ടാകുന്ന നിലയിലുള്ള അതുല്യമായ പ്രവര്‍ത്തനമാണ് ഇരുവരും നടത്തിയത്. ദേശാഭിമാനി റെസിഡന്റ് എഡിറ്റര്‍ പ്രഭാവര്‍മ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എ സരള, ഡോ. സുനില്‍ പി ഇളയിടം, അബുദാബി ശക്തി തിയേറ്റേഴ്സ് ജനറല്‍ സെക്രട്ടറി വി പി കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.പുരസ്കാര ജേതാക്കള്‍ക്കുവേണ്ടി പ്രൊഫ. എം കെ സാനു മറുപടിപ്രസംഗം നടത്തി. സംസ്ഥാനത്തുടനീളം നാടകം അവതരിപ്പിക്കാനുള്ള തിയേറ്റര്‍ സ്ഥാപിക്കണമെന്ന ടി കെ രാമകൃഷ്ണന്റെ സ്വപ്നം ഇന്നും സാക്ഷാത്കരിച്ചിട്ടില്ലെന്നും ജനങ്ങളെ നവസംസ്കാരത്തിലേക്ക് നയിക്കുന്നതിന് ഏറ്റവും നല്ല ഉപാധിയാണ് നാടകമെന്നും എം കെ സാനു പറഞ്ഞു. പാട്യം ഗോപാലന്‍ സ്മാരക പഠന-ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിച്ച കമ്യൂണിസ്റ്റ് പാര്‍ടി ചരിത്രഗ്രന്ഥങ്ങള്‍ പി ജയരാജന്‍ ഇന്നസെന്റിന് സമ്മാനിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ എം വി ജയരാജന്‍ സ്വാഗതവും അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ എ കെ മൂസ നന്ദിയും പറഞ്ഞു.ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന മനുഷ്യക്കുരുതിക്കെതിരെയുള്ള പ്രമേയം പി കരുണാകരന്‍ എംപി അവതരിപ്പിച്ചു. ശക്തി തിയേറ്റേഴ്സ് മുന്‍ ഭാരവാഹികളായ എടയത്ത് രവി, പി സി കുഞ്ഞപ്പ, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം യു വാസു തുടങ്ങിയവരും സംബന്ധിച്ചു. Read on deshabhimani.com