ജില്ലാ കൃഷിത്തോട്ടം മന്ത്രിസന്ദര്‍ശിച്ചു
മാവേലിക്കര: കുട്ടനാട് പാക്കേജില്‍പ്പെടുത്തി കോടികള്‍ ചെലവഴിച്ച് വാങ്ങിയ കൊയ്ത്ത്മെതി യന്ത്രങ്ങള്‍ ഉപേക്ഷിക്കപ്പെട്ട ജില്ലാ കൃഷിത്തോട്ടം മന്ത്രി കെ പി മോഹനന്‍ സന്ദര്‍ശിച്ചു. അധികൃതരുടെ നടപടി നിരുത്തരവാദമെന്ന് വിശേഷിപ്പിച്ച മന്ത്രി യന്ത്രങ്ങള്‍ സംരക്ഷിക്കാന്‍ പ്രത്യേക ഷെഡ്ഡ് നിര്‍മിക്കുമെന്നും ഇതിനായി ഫണ്ട് അനുവദിക്കുമെന്നും പറഞ്ഞു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് മന്ത്രി ജില്ലാ കൃഷിത്തോട്ടത്തില്‍ എത്തിയത്. തോട്ടത്തിലെ അഞ്ചേക്കര്‍ സ്ഥലം വി എഫ്പിസികെയ്ക്ക് പാട്ടത്തിനു നല്‍കിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെക്കുറിച്ച് ചര്‍ച്ചയ്ക്കായി എത്തിയപ്പോഴാണ് മന്ത്രി കൃഷിത്തോട്ടം സന്ദര്‍ശിച്ചത്. പാക്കേജില്‍പ്പെടുത്തി വാങ്ങിയ 30 കൊയ്ത്ത് യന്ത്രങ്ങള്‍ കൃഷിത്തോട്ടത്തില്‍ ഉക്ഷേിച്ചത് ദേശാഭിമാനി വാര്‍ത്ത നല്‍കിയിരുന്നു. ഇതേക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ജില്ലാ കൃഷിത്തോട്ടത്തിലെ സ്ഥലം മറ്റാവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. 11 കോടിയുടെ പച്ചക്കറി-പഴം വിത്തുകളുടെ ഹൈടെക്ക് ഉല്‍പ്പാദനത്തിനുള്ള പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്്. സര്‍ക്കാര്‍ നേരിട്ടു നടപ്പാക്കുന്ന പദ്ധതി 22ന് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ കൃഷിത്തോട്ടത്തില്‍ ഇഎസ്ഐ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. ജില്ലാകൃഷിത്തോട്ടത്തില്‍ വെള്ളിയാഴ്ച നടന്ന ചര്‍ച്ചയില്‍ ആര്‍ രാജേഷ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് അംഗം ഓമനക്കുട്ടിയമ്മ, കോശി എം കോശി, കൃഷിവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ എന്‍ വിജയന്‍, കൃഷി ഓഫീസര്‍ ലേഖാ മോഹന്‍, ഫാം സൂപ്രണ്ട് പ്രസാദ്, വി എഫ് പി സി സി ഇ ഒ ശിവപ്രസാദ്, ടി പി ഗോപാലന്‍, പി ചന്ദ്രന്‍, ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു. Read on deshabhimani.com