ഈടുനല്‍കിയ സ്ഥലം ജാമ്യപ്പെടുത്തി കെഎസ്എഫ്ഇ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം ചിട്ടിപ്പണം തട്ടി
തലയോലപ്പറമ്പ്: കെഎസ്എഫ്ഇ തലയോലപ്പറമ്പ് ശാഖയില്‍ ഈടു നല്‍കിയ സ്ഥലം ഇടപാടുകാരനറിയാതെ വ്യാജരേഖ ചമച്ച് ജാമ്യപ്പെടുത്തി വന്‍ തുകകളുടെ മറ്റ് ചിട്ടികള്‍ പിടിച്ച് പണം തട്ടിയതിന് ജീവനക്കാരടക്കം ഒമ്പത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ കെഎസ്എഫ്ഇയിലെ ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടതായാണ് സൂചന. ആപ്പാഞ്ചിറ വള്ളോപ്പറമ്പില്‍ സേതുമാധവന്‍ വൈക്കം കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. സേതുമാധവന്‍ ചിട്ടിക്ക് ഈടു നല്‍കിയ 16 സെന്റ് സ്ഥലവും പുരയിടവും ജാമ്യപ്പെടുത്തി വന്‍തുകയുടെ 14 ചിട്ടികള്‍ പിടിച്ചതിന് കെഎസ്എഫ്ഇ ജീവനക്കാര്‍ക്കും സമ്മതപത്രം കൃത്രിമമായി നിര്‍മിച്ച രണ്ട് അഭിഭാഷകര്‍ക്കും എതിരെയുമാണ് കേസെടുത്തത്. സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന തലയോലപ്പറമ്പ് വാതല്ലൂര്‍ വീട്ടില്‍ വേണുഗോപാല്‍, ജീവനക്കാരി സി മിനി, മുന്‍ മാനേജര്‍മാരായ എം കെ ലില്ലിക്കുട്ടി, നമ്പൂതിരി, ചന്ദ്രബോസ്, എസ് ശ്രീജിത്ത്, ഡയറക്ടര്‍ പി രാജേന്ദ്രന്‍, അഭിഭാഷകരായ ആന്റണി കളമ്പുകാടന്‍, ജോണി കെ മണിപ്പാടം എന്നിവര്‍ക്കെതിരെയാണ് കേസ്. ഇതേ ശാഖയില്‍ ചിട്ടിതട്ടിപ്പ് നടത്തിയ സംഭവത്തില്‍ വേണുഗോപാലിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. സസ്പെന്‍ഷനിലായ ഇയാള്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഒളിവിലാണ്. പരാതിക്കാരന്റെ ഭാര്യ സുലേഖയുടെ പേരില്‍ അഞ്ച് ചിട്ടികള്‍ക്ക് ആപ്പാഞ്ചിറയിലെ വീടും സ്ഥലവുമാണ് ഈടുവെച്ചിരുന്നത്. എന്നാല്‍ ഇവര്‍ അറിയാതെ ഇരുവരുടെ വ്യാജ ഒപ്പിട്ട് സമ്മതപത്രം നിര്‍മിച്ചും മറ്റ് രേഖകള്‍ കൃത്രിമമായി നിര്‍മിച്ചുമാണ് സംഘം പണം തട്ടിയെടുത്തത്. സംഭവത്തെ സംബന്ധിച്ച് അന്വേഷണം ഊര്‍ജിതമാക്കിതായും തലയോലപ്പറമ്പ് എസ്ഐ ജി രാജന്‍കുമാര്‍ അറിയിച്ചു. ആറായിരത്തോളം ചിട്ടി ഉടമകളാണ് തലയോലപ്പറമ്പ് ശാഖയിലുള്ളത്. ചേരുന്ന പലരുടെയും ജാമ്യ വസ്തു ഈട് വച്ച് വലിയ ചിട്ടികള്‍ പിടിക്കുന്നു. ഇടപാടുകാര്‍ക്ക് ബാധ്യതാ നോട്ടീസ് ചെന്നതാണ് തട്ടിപ്പ് പുറത്ത് വരാനിടയായത്. തട്ടിപ്പ് വെളിയില്‍ വന്നതോടെ ഇടപാടുകാര്‍ ആശങ്കയിലാണ്. Read on deshabhimani.com