സമഗ്ര അന്വേഷണം വേണമെന്ന് ഒരു വിഭാഗം അഗ്രിഫെസ്റ്റ് സംഘാടനത്തില്‍ അഴിമതി
$ സ്വന്തം ലേഖകന്‍ മാനന്തവാടി > മാനന്തവാടിയില്‍ നടന്ന അഗ്രിഫെസ്റ്റില്‍ വ്യാപകമായ അഴിമതി നടന്നതായി ആരോപണം. സംഘാടക സമിതി അംഗങ്ങളാണ് അഴിമതി ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംഘാടകസമിതിയില്‍ കണക്ക് അവതരിപ്പിച്ചിരുന്നു. ഈ കണക്ക് വ്യാജമാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നുമാണ് സമിതിലെ ഒരുവിഭാഗത്തിന്റെ ആവശ്യം. ജനുവരി 10മുതല്‍ 17വരെയായിരുന്നു നാഷണല്‍ അഗ്രിഫെസ്റ്റ് നടന്നത്. അഗ്രിഫെസ്റ്റിന്റെ വരവ് 46,02161 രൂപയാണ്. ചെലവ് എത്രയെന്ന് സംഘാടകസമിതി പുറത്തിറക്കിയ പത്രക്കുറിപ്പിലും പറയുന്നില്ല. ചില കമ്മറ്റികള്‍ "ആവശ്യം കഴിഞ്ഞ്' ബാക്കിവന്ന തുക തിരിച്ചേല്‍പ്പിച്ചതായി പറയുന്നുണ്ട്. എന്നാല്‍ എത്രപണം ചെലവഴിച്ചുവെന്ന് കൃത്യമായി പറയാന്‍ സംഘാടക സമിതിയിലെ ഭാരവാഹികള്‍ക്ക് കഴിയുന്നില്ല. എന്നിട്ടും കണക്ക് അംഗീകരിച്ചുവെന്നാണ് വര്‍ക്കിങ് ചെയര്‍മാനായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്.പാട്ടെഴുതുന്നതിനും ചിട്ടപ്പെടുത്തുന്നതിനും നല്‍കിയ തുക കേട്ടാല്‍ ഞെട്ടിപ്പോകുമെന്നാണ് സംഘാടക സമിതിയിലെ ഒരംഗം പറഞ്ഞത്. മാനന്തവാടിയിലെ ഒരു വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരന്റെ പേരാണ് സംഗീതസംവിധായകനായി പറയുന്നത്. പ്രചരണത്തിനായി ചെലവഴിച്ച തുകയും യഥാര്‍ഥതുകയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നാണ് ആക്ഷേപം. ആറ് ലക്ഷം രൂപയാണ് പ്രചരണകമ്മിറ്റിക്ക് നല്‍കിയത്. എത്രതുക ചെലവഴിച്ചുവെന്ന് കമ്മറ്റി പറയുന്നില്ല. സെമിനാര്‍ കമ്മിറ്റിക്ക് നല്‍കിയത് 16 ലക്ഷം രൂപയാണ്. ഈ കമ്മറ്റിയും ചെലവഴിച്ചത് എത്രയെന്ന് ആര്‍ക്കും അറിയില്ല. കലാപരിപാടികള്‍ ബുക്ക് ചെയ്തതിലും പണം നല്‍കിയതിലും വന്‍ അഴിമതിനടന്നതായി കമ്മറ്റിയിലെ അംഗങ്ങള്‍ ആക്ഷേപമുന്നയിക്കുന്നു.കൃഷിവകുപ്പായിരുന്നു ഫെസ്റ്റിന്റെ നടത്തിപ്പുകാര്‍. എന്നാല്‍ സംഘാടക സമിതി വന്നതോടെ കൃഷിവകുപ്പിനെ തഴഞ്ഞതായും വകുപ്പ് മന്ത്രിയുടെ പാര്‍ടികാരെ അടുപ്പിക്കാത്തതുമാണ് മുമ്പ് നിശ്ചയിച്ച തീയതികളില്‍ ഫെസ്റ്റ് നടത്താന്‍ കഴിയാതിരുന്നത്. കണക്കുകള്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കുമെന്ന് വളരെ മുമ്പുതന്നെ സംഘാടകര്‍ പറഞ്ഞിരുന്നതാണ്. ഓഡിറ്റ് ചെയ്ത ശേഷമേ കണക്ക് അവതരിപ്പിക്കുകയുള്ളുവെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, അംഗീരിച്ചുവെന്ന് പറയുന്ന കണക്ക് ഓഡിറ്റിങ്ങിന് നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം. Read on deshabhimani.com