ആത്മവിശ്വാസത്തോടെ എൽഡിഎഫ്
തിരുവനന്തപുരം> എൽഡിഎഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക് പാദമൂന്നുന്നത് കേരളരാഷ്‌ട്രീയം സവിശേഷ ശ്രദ്ധയാകർഷിക്കുന്ന ഘട്ടത്തിലാണ്. കോവിഡ് പ്രതിരോധത്തിൽ സർക്കാർ കാണിച്ച ആർജവവും കാര്യശേഷിയും രാഷ്‌ട്രീയത്തിലും പുതിയ വഴിത്തിരിവായി. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലെ തിളക്കമാർന്ന വിജയവും എൽഡിഎഫിന് നൽകുന്ന ആത്മവിശ്വാസം കേരളത്തിന്റെ രാഷ്‌ട്രീയ ഗതിമാറ്റത്തിന്റെ ചൂണ്ടുപലകയാണ്. ആസന്നമായ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കുമോയെന്നതാണ് യുഡിഎഫിന്റെ ശങ്ക. ഈ ആപത്‌സൂചന നാളേറെയായി പ്രതിപക്ഷത്തിന്റെ ഉറക്കംകെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ പ്രാരംഭംമുതൽ അതിനെതിരെ രംഗത്തിറങ്ങാൻ അവരെ പ്രേരിപ്പിച്ചതും ഈ ശങ്കയാണ്. യുഡിഎഫ് ഭരണകാലത്ത് കേരളത്തിലെ രാഷ്‌ട്രീയ അരങ്ങ് കൊഴുപ്പിച്ചത് ബാർകോഴ, സോളാർ, സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ തുടങ്ങിയ അഴിമതികളാണ്. മന്ത്രിക്കസേരയ്‌ക്ക് വേണ്ടിയുള്ള രാഷ്‌ട്രീയ കരുനീക്കങ്ങളും രാഷ്‌ട്രീയ കുതന്ത്രങ്ങളും കോൺഗ്രസിലെയും യുഡിഎഫിലെയും ചേരിപ്പോരും വേറെ. തൊടുന്നതിലെല്ലാം അഴിമതി കൊടികുത്തി. സോളാർ കേസിൽ ജുഡിഷ്യൽ കമീഷന് മുന്നിൽ രാവേറുംവരെ മൊഴി നൽകിയ മുഖ്യമന്ത്രിയുടെ ദയനീയ മുഖം. ഇതിൽനിന്ന് വ്യത്യസ്‌തമായി ജനങ്ങളുടെ അടിയന്തരപ്രശ്‌നങ്ങളിൽ ആശ്വാസം പകരുന്ന ദീർഘകാലാടിസ്ഥാനത്തിലുള്ള വികസന തന്ത്രങ്ങളോടെയാണ് എൽഡിഎഫ് പ്രവർത്തിക്കുന്നത്. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ജനം വിലയിരുത്തിയതും ഇതുതന്നെയാണ്. പാലായ്‌ക്ക് പിന്നാലെ വട്ടിയൂർക്കാവിലും കോന്നിയിലുമുണ്ടായ എൽഡിഎഫ് വിജയം ഇത് തെളിയിച്ചു. തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം സ്ഥലങ്ങളിലും എൽഡിഎഫ് മുന്നേറ്റം നടത്തി. സർക്കാരിന്റെ പ്രവർത്തനമികവാണ് ഉപതെരഞ്ഞെടുപ്പ് വിധിയെഴുത്തിന് പ്രധാന കാരണമായത്. അത് പകർന്ന ആത്മവിശ്വാസമാണ് സർക്കാരിനെ വീണ്ടും മുന്നോട്ടുകൊണ്ടുപോയത്. കേരളത്തിൽ ഏറ്റവും കൂടുതൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നേരിട്ടത് ഈ സർക്കാരാണ്. എട്ട് നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നു. ഇപ്പോഴും രണ്ട് മണ്ഡലം ഒഴിഞ്ഞുകിടക്കുകയാണ്. 2016ൽ 91 സീറ്റ് നേടിയാണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നത്. എട്ട് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സീറ്റുകളുടെ എണ്ണം 93 ആയി. ഇത് കേരള ചരിത്രത്തിൽ ആദ്യമാണ്. സിറ്റിങ് സീറ്റുകളായ ചവറയും കുട്ടനാടും ഒഴിവ് വന്നതിനെ തുടർന്ന് മൊത്തം സീറ്റുകളുടെ എണ്ണം വീണ്ടും 91. ഉപതെരഞ്ഞെടുപ്പിലെ കനത്ത പ്രഹരത്തിൽനിന്ന് തിരിച്ചുകയറാൻ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. ഗ്രൂപ്പ്‌പോരും ചേരിതിരിവും കോൺഗ്രസിനെ ആഴത്തിൽ പിടികൂടി. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും പ്രത്യേക ‘വാർ റൂമുകൾ’ സജ്ജമാക്കിയാണ് പോര് മുറുക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറിമാർക്ക് ചുമതല വിഭജിച്ച് നൽകാൻ കഴിയാത്തത് തർക്കത്തിന്റെ രൂക്ഷതയുടെ തെളിവാണ്. കേരള കോൺഗ്രസ് രണ്ട് ചേരിയായി ഏറ്റുമുട്ടൽ തുടരുകയാണ്. മുസ്ലിംലീഗിലും നേതൃത്വത്തിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇതെല്ലാം മറച്ചുവയ്‌ക്കാനാണ് കോവിഡ് പ്രതിരോധ നടപടികൾക്കെതിരെ ആരോപണവുമായി രംഗത്തുവരുന്നത്. Read on deshabhimani.com