കാർഷിക സഹകരണ ഗ്രാമ വികസന ബാങ്ക്‌; യോഗം അലങ്കോലപ്പെടുത്തി യുഡിഎഫ്‌ ഭരണസമിതി



തിരുവനന്തപുരം > ഘടകബാങ്കുകളിൽ ഭൂരിപക്ഷം നഷ്ടമായ കാർഷിക സഹകരണ ഗ്രാമ വികസന ബാങ്ക്‌ ഭരണസമിതി ബജറ്റ്‌ പാസാക്കാൻ ശ്രമിച്ചതിനെതിരെ ഡയറക്ടർ ബോർഡിലെ എൽഡിഎഫ്‌ അംഗങ്ങൾ സഹകരണ രജിസ്‌ട്രാർക്ക്‌ പരാതി നൽകി. ശനിയാഴ്‌ച ചേർന്ന ജനറൽ ബോഡിയോഗത്തിൽ വിയോജിപ്പ്‌ രേഖപ്പെടുത്തിയ അംഗങ്ങളെ സംസാരിക്കാൻ ഭരണകക്ഷി അംഗങ്ങൾ അനുവദിച്ചിരുന്നില്ല. കിളിമാനൂർ ബാങ്ക്‌ പ്രസിഡന്റ്‌ ഷാജഹാനെ യോഗഹാളിൽ ബാങ്ക് ഡെപ്യൂട്ടി മാനേജർ ജെ രാമകൃഷ്‌ണന്റെ നേതൃത്വത്തിൽ തള്ളുകയും മർദിക്കാൻ ശ്രമിച്ചതായും എൽഡിഎഫ്‌ അംഗം ജി ഹരിശങ്കർ മാധ്യമങ്ങളോട്‌ പറഞ്ഞു. ജനറൽ ബോഡിയിലെ അജൻഡ ഡയറക്ടർ ബോർഡ്‌ ഏകകണ്‌ഠമായി അംഗീകരിച്ചിട്ടില്ല. യോഗം അലങ്കോലപ്പെടുത്താനും  സമീപജില്ലകളിൽനിന്ന്‌ ഭരണസമിതി ആളുകളെ എത്തിച്ചിരുന്നു. 3500 കോടി രൂപയുടെ കാർഷിക വായ്പ വിതരണം ചെയ്യാൻ യോഗം തീരുമാനിച്ചെന്ന പ്രസിഡന്റ്‌ സി കെ ഷാജിമോഹന്റെ വാദം നിയമപരമായി നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 77 ഘടകബാങ്കുകളിൽ 40 ഇടത്തും എൽഡിഎഫിനാണ്‌ ഭൂരിപക്ഷം. കഴിഞ്ഞമാസം ജനറൽ ബോഡി ചേർന്ന്‌ ബജറ്റ്‌ പാസാക്കാൻ ഭരണസമിതി ശ്രമിച്ചിരുന്നെങ്കിലും എൽഡിഎഫ്‌ അംഗങ്ങൾ എതിർത്തു. ബാങ്കിൽ ഭരണപ്രതിസന്ധി ഉടലെടുത്തതായുള്ള പരാതിയെ തുടർന്ന്‌ സഹകരണ രജിസ്‌ട്രാർ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഭരണം ഏർപ്പെടുത്തി. ഇതിനെതിരെ ഭരണസമിതി ഹൈക്കോടതിയെ സമീപിച്ചു. കോടതി ജനറൽബോഡി യോഗം വിളിക്കാൻ അനുവദിക്കുകയായിരുന്നു. അതുപ്രകാരം ചേർന്ന യോഗമാണ്‌ ഭരണസമിതി അലങ്കോലപ്പെടുത്തിയത്‌. നവംബർ അഞ്ചിന്‌ കേസ്‌ വീണ്ടും ഹൈക്കോടതി പരിഗണിക്കും. ഭൂരിപക്ഷം നഷ്ടമായ ഭരണസമിതിയുടെ പ്രവർത്തനങ്ങളെ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്ന്‌ എൽഡിഎഫ്‌ അംഗങ്ങൾ പറഞ്ഞു. വയനാട്ടിലെ ദുരന്തബാധിതരായ 52 പേരുടെ വായ്‌പ എഴുതി തള്ളാനുള്ള തീരുമാനം നേരത്തെ എടുത്തതാണ്‌. 1.05 കോടി രൂപയാണ്‌ തള്ളുക. ഇത്‌ എൽഡിഎഫ്‌ അംഗങ്ങൾ അംഗീകരിച്ചിരുന്നു. Read on deshabhimani.com

Related News