പാലക്കാട് വോട്ടുനില മെച്ചപ്പെടുത്തി എൽഡിഎഫ്; ബിജെപിയുടെ വോട്ടിൽ വൻ ഇടിവ്
പാലക്കാട് > പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ നേടിയതിനേക്കാൾ കൂടുതൽ വോട്ടുകൾ നേടി എൽഡിഎഫ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ സി പി പ്രമോദ് 36433 വോട്ടുകളാണ് നേടിയത്. എന്നാൽ ഇത്തവണ 37293 വോട്ടുകളാണ് എൽഡിഎഫ് സ്ഥാനാർസ്ഥാനാർഥിയായ ഡോ. പി സരിന് ലഭിച്ചത്. ആകെ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം പരിശോധിച്ചാൽ കിട്ടിയ വോട്ടിന്റെ ശതമാനടിസ്ഥാനത്തിലും എൽഡിഎഫ് വർധനവ് ഉണ്ടാക്കിയിട്ടുണ്ട്. 2021ൽ ആകെ 1,42,104 വോട്ടുകൾ പോൾ ചെയ്തപ്പോൾ 25.64 ശതമാനം വോട്ടായിരുന്നു എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചത്. 2024 ആയപ്പോൾ അത് 27.16 ആയി വർധിപ്പിക്കാൻ എൽഡിഎഫിന് സാധിച്ചു. അതായത് 1.52 ശതമാനം വോട്ടിന്റെ വർധന. 1,37,302 വോട്ടുകളാണ് ഇത്തവണ പോൾ ചെയ്ത ആകെ വോട്ടുകൾ. 2021ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ വോട്ടിലും വൻ ഇടിവുണ്ടായിട്ടുണ്ട്. 2021ൽ ബിജെപി സ്ഥാനാർഥിയായ ഇ ശ്രീധരൻ 50,220 വോട്ടുകൾ നേടിയപ്പോൾ ഇത്തവണ ബിജെപി സ്ഥാനാർഥിയായ സി കൃഷ്ണകുമാറിന് 39549 വോട്ടുകൾ നേടാനേ സാധിച്ചുള്ളൂ. 10,671 വോട്ടുകളുടേയും 6.71 ശതമാനത്തം വോട്ടിന്റേയും കുറവാണിത്. പാലക്കാട്ടെ യുഡിഎഫ് ജയം വർഗീയ ശക്തികളെ ഒപ്പം നിർത്തി: എം വി ഗോവിന്ദൻ പാലക്കാട് യുഡിഎഫ് ജയിച്ചത് എല്ലാ വർഗീയ ശക്തികളെയും ചേർത്ത് ഒരു മഴവിൽ സഖ്യം പോലെ പ്രവർത്തിച്ചത് കൊണ്ടാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യുഡിഎഫിനു വേണ്ടി പ്രവർത്തിച്ച ഏറ്റവും വലിയ വിഭാഗം ജമാഅത്തെ ഇലസ്ലാമിയും എസ്ഡിപിഐയുമാണ്. ‘തെരഞ്ഞെടുപ്പ് ഫലം പുറത്തു വരും മുൻപ് തന്നെ പാലക്കാട് ആദ്യം ആഹ്ലാദ പ്രകടനം നടത്തിയത് എസ്ഡിപിഐ ആണ്. കോൺഗ്രസിന്റെ വിജയത്തിൽ എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കുമുള്ള പങ്ക് അവർ തന്നെ പ്രകടനം നടത്തി പ്രഖ്യാപിക്കുകയായിരുന്നു.’-എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. പാലക്കാട് മുനിസിപ്പാലിറ്റിയിലടക്കം ബിജെപിയുടെ വോട്ട് വലിയ തോതിൽ കുറഞ്ഞു. അതിന്റെ ഗുണഭോക്താവാരാണെന്ന് വ്യക്തമാണ്. ഇടതുപക്ഷത്തെ മുഖ്യ ശത്രുവായിക്കണ്ട് ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും യോജിച്ചു പ്രവർത്തിക്കുന്നതാണ് പാലക്കാട് കണ്ടത്. വയനാട്ടിലെ യുഡിഎഫ് വിജയം പ്രതീക്ഷിച്ചതാണെന്നും മൂന്ന് മണ്ഡലത്തിലും ബിജെപിയുടെ പരാജയം ആഹ്ലാദം ഉണ്ടാക്കുന്നതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പാലക്കാട് ഡോ. പി സരിൻ മികച്ച സ്ഥാനാർഥിയാണെന്ന് എല്ലാവർക്കും ബോധ്യമായതായും സിപിഐ എം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു. ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ മുതൽക്കൂട്ടായ അദ്ദേഹത്തെ രാഷ്ട്രീയ പോരാട്ടത്തിന്റെ മുൻപന്തിയിൽ നിർത്തി മുന്നോട്ട് പോകാനാണ് തീരുമാനം. മണ്ഡലത്തിൽ കുറെക്കാലമായി എൽഡിഎഫ് മൂന്നാം സ്ഥാനത്താണ്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടയതിനേക്കാൾ വോട്ട് ഇത്തവണ ലഭിച്ചു. രണ്ടാം സ്ഥാനത്തു നിൽക്കുന്ന ബിജെപിയുമായുള്ള അന്തരം മുൻ തെരഞ്ഞെടുപ്പിലേക്കാൾ വളരെയേറെ കുറക്കാനായി. പാലക്കാട് സിപിഐ എം എഴുതിതള്ളേണ്ട സീറ്റല്ല എന്നാണ് അത് വ്യക്തമാക്കുന്നത്. ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെതിരായ വിധിയെഴുത്താകുമോ എന്നു ചോദിച്ചവർക്കുള്ള മറുപടിയാണ് ഇന്നുണ്ടായത്. തെരഞ്ഞെടുപ്പിൽ ഒരു ഭരണവിരുദ്ധവികാരവും പ്രകടിപ്പിക്കപ്പെട്ടിട്ടില്ലെന്നും മൂന്നാം ടേമിലേക്ക് എൽഡിഎഫ് സർക്കാർ പോകുമെന്നതിന്റെ സൂചനയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു ആർ പ്രദീപിന്റേത് ഉജ്വലമായ വിജയമാണ്. എല്ലാ പിന്തിരിപ്പൻ ശക്തികളുടെയും വർഗീയ വാദികളുടെയും അതിനെ പിന്തുണക്കുന്ന മാധ്യമ ശൃംഖലകളുടെയും എതിർപ്പുകളെ അതിജീവിച്ചുകൊണ്ടാണ് എൽഡിഎഫ് വിജയം. കേരള രാഷ്ട്രീയം ഏങ്ങോട്ടേക്കാണെന്നതിന് വ്യക്തത നൽകുന്ന തെരഞ്ഞെടുപ്പ് വിജയമാണ് ചേലക്കരയിലേത്. വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും അതിന് ശേഷം നടക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിലും കേരളത്തിന്റെ ഭാവി നിർണയിക്കുന്നതിൽ ഇടതു പക്ഷ ജനാധിപത്യ മുന്നണിക്ക് നിർണായക ചുമതല നിർവഹിക്കാമെന്നു തന്നെയാണ് ചേലക്കര തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. Read on deshabhimani.com