വ്യാപക വെളിപ്പെടുത്തൽ, ഇളകിമറിഞ്ഞ് സിനിമാലോകം ; കരുത്ത് പകർന്ന് സർക്കാർ
തിരുവനന്തപുരം ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ നിരവധി നടിമാർ ദുരനുഭവങ്ങൾ പുറത്ത് പറയാൻ തുടങ്ങിയതോടെ ഇളകിമറിഞ്ഞ് സിനിമാലോകം. കുറ്റവാളികളോട് ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ലെന്ന സർക്കാർ നിലപാടാണ് ഇവർക്ക് വെളിപ്പെടുത്തലിനുള്ള കരുത്ത് പകർന്നത്. പ്രത്യേക അന്വേഷക സംഘത്തെ കൂടി നിയമിച്ചതോടെ കൂടുതൽപേർ നിർഭയം മുന്നോട്ടുവന്നു.. ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴികൊടുത്ത നടന്മാരടക്കം സർക്കാർ നടപടികൾക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. റിപ്പോർട്ട് സംബന്ധിച്ച ഹർജിയിൽ ഹൈക്കോടതി വിധിപറയുന്ന മുറയ്ക്ക് സർക്കാർ കൂടുതൽ നടപടിയിലേക്കും കടക്കും. ഒപ്പം അമ്മ സംഘടനയിൽ നടക്കുന്ന ആരോഗ്യകരമായ ചർച്ച സിനിമാമേഖലയിലെ പുഴുക്കുത്ത് ഒഴിവാക്കാൻ സഹായകരമാകും. കമ്മറ്റിയുടെ ശുപാർശ ഓരോന്നായി സമയബന്ധിതമായി നടപ്പാക്കുകയാണ് സർക്കാർ. സ്‌ത്രീകളുടേയും കുട്ടികളുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നിലപാടാണ് നവീകരണങ്ങൾക്കെല്ലാം ആധാരം. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ നടൻ ദിലീപ് അറസ്‌റ്റിലായതും, പരാതിവന്ന മറ്റു സംഭവങ്ങളിലും സംവിധായകർക്കും നടന്മാർക്കും എതിരെ കേസെടുത്തതും അറസ്‌റ്റ് ചെയ്തതുമടക്കം തെളിയിച്ചത് പിണറായി സർക്കാരിന്റെ നിശ്ചയദാർഢ്യമാണ്. യുഡിഎഫ് സർക്കാരായിരുന്നു അധികാരത്തിലെങ്കിൽ ഇത്തരം പരാതികളുടേയും ആരോപണങ്ങളുുടേയും അനന്തരഫലം എന്താകുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ഗുരുതര ലൈംഗിക ആരോപണം നേരിടുന്ന എംഎൽഎമാരേയടക്കം കോൺഗ്രസ് ഇപ്പോഴൂം സംരക്ഷിക്കുന്നുണ്ട്. ബോളിവുഡിലും സമിതിവേണം ബോളിവുഡ് അടക്കം രാജ്യത്തെ എല്ലാ ഭാഷയിലെയും സിനിമ മേഖലകളിൽ ജസ്‌റ്റിസ് ഹേമ കമ്മിറ്റി മാതൃകയിൽ സമിതി രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് അഖിലേന്ത്യ കോ–-ഓർഡിനേഷൻ കമ്മിറ്റി ഓഫ് വർക്കിങ് വിമൻ(സിഐടിയു) ആവശ്യപ്പെട്ടു. ചലച്ചിത്ര– -ടെലിവിഷൻ വ്യവസായമേഖലകളിൽ ലൈംഗിക അതിക്രമവും ലിംഗവിവേചനവും അവസാനിപ്പിക്കാൻ കേന്ദ്രം മാതൃക പെരുമാറ്റചട്ടം കൊണ്ടുവരണം. ബലാത്സംഗം, ലൈംഗിക അതിക്രമം എന്നീ കേസുകളുടെ വിചാരണ അതിവേഗ കോടതികളിൽ നടത്തണം. ഹേമ കമ്മിറ്റി റിപ്പോർട്ട് ശുപാർശകളും അവ നടപ്പാക്കാൻ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നടപടികളും സ്വാഗതാർഹമാണ്. കേരളത്തിലെ സിനിമ മേഖലയിൽ സ്‌ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ പൊരുതാൻ മുന്നോട്ടുവന്ന അതിജീവിതയെയും ഡബ്ല്യുസിസി അംഗങ്ങളെയും കോ–-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എ ആർ സിന്ധു അഭിനന്ദിച്ചു. Read on deshabhimani.com