മലയാളത്തിന്റെ പ്രിയപ്പെട്ട ടീച്ചർക്ക്‌ 97



കളമശേരി മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി ഡോ. എം ലീലാവതി ടീച്ചർക്ക്‌ 97 വയസ്സ്‌. ഈ പ്രായത്തിലും കേൾവിക്കുറവോ ശാരീരിക അസ്വസ്ഥതകളോ ടീച്ചറുടെ എഴുത്തിനും വായനയ്‌ക്കും ഒരു തടസ്സവും വരുത്തിയിട്ടില്ല. ഓരോ കൃതിയും പഠിക്കാനും വിലയിരുത്താനും സൂക്ഷ്മതയോടെതന്നെ പൊതുപ്രശ്നങ്ങളെ സമീപിക്കാനും ടീച്ചർക്ക്‌ പ്രായം തടസ്സമേയല്ല.  തൃശൂർ ജില്ലയിലെ കോട്ടപ്പടിയിൽ 1927 സെപ്തംബർ 16നാണ്‌ ജനനം. വർഷങ്ങളായി കളമശേരി തൃക്കാക്കര ക്ഷേത്രത്തിനുസമീപം മാവേലി നഗറിൽ താമസം. ശബരിമലയിലെ യുവതീപ്രവേശനത്തിന്‌ അനുകൂലമായ കോടതിവിധിയെതുടർന്ന് ഒരുകൂട്ടർ കലാപമുണ്ടാക്കാൻ ശ്രമിച്ചപ്പോൾ അതിനെതിരെ കൃത്യമായ നിലപാടെടുത്ത്‌, ആർത്തവത്തെ അയിത്തമായിക്കാണുന്നവരെ കണക്കറ്റ് പരിഹസിച്ചു. നവോഥാന മുദ്രാവാക്യവുമായി പുരോഗമന സംഘടനകൾ വനിതാമതിൽ തീർത്തപ്പോൾ അതിനൊപ്പം നിന്നു. ബിജെപിയുടെ നേതൃത്വത്തിൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനെതിരെ, ‘രാമനെ അറിയാൻ രാമായണത്തേക്കാൾ വലിയ ഒരു സ്മാരകവുമില്ലെ’ന്ന് ഓർമിപ്പിച്ചു. രാമന് കൂറ്റൻ പ്രതിമ പണിയുമെന്ന പ്രഖ്യാപനമുണ്ടായപ്പോൾ, കോടികൾ ചെലവാക്കി പ്രതിമ പണിയുന്നതിനുപകരം വിശക്കുന്ന കുട്ടികളെ അന്നമൂട്ടുകയാണ്‌ വേണ്ടതെന്ന്‌ തുറന്നടിച്ചു. വിവിധ കോളേജുകളിൽ അധ്യാപികയായിരുന്ന ടീച്ചർ, 1983ൽ തലശേരി ബ്രണ്ണൻ കോളേജ് പ്രിൻസിപ്പലായാണ് വിരമിച്ചത്. വർണരാജി, കവിതാധ്വനി, അപ്പുവിന്റെ അന്വേഷണങ്ങൾ, ധ്വനിപ്രയാണം, ആശകൾ ആശങ്കകൾ ആകുലതകൾ, അർത്ഥാന്തരങ്ങൾ, അക്കിത്തത്തിന്റെ കവിത, ലീലാവതിയുടെ കൈയൊപ്പ്, ഒ എൻ വി കവിതാപഠനങ്ങൾ, മലയാള കവിതാ സാഹിത്യ ചരിത്രം തുടങ്ങി നിരവധി കൃതികളുടെ കർത്താവാണ്. രണ്ടുലക്ഷം ശ്ലോകങ്ങളുള്ള ശ്രീമദ് വാല്‌മീകി രാമായണം എന്ന സംസ്കൃതകാവ്യം രണ്ടുവർഷമെടുത്ത്‌ തർജ്ജമ ചെയ്തു. പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി , ഓടക്കുഴൽ അവാർഡുകളും നിരവധി പുരസ്‌കാരങ്ങളും തേടിയെത്തി. Read on deshabhimani.com

Related News