അഭിമുഖത്തിൽ വന്നത് പറയാത്ത കാര്യങ്ങൾ : മുഖ്യമന്ത്രി
കോഴിക്കോട് താൻ പറയാത്ത കാര്യങ്ങളാണ് ഹിന്ദു പത്രം തന്റെ അഭിമുഖത്തിൽ പ്രസിദ്ധീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനോടനുബന്ധിച്ച് നിർമിച്ച എ കെ ജി ഓഡിറ്റോറിയം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ‘‘ഞാൻ ഡൽഹിയിലുള്ളപ്പോൾ എന്റെ അഭിമുഖം ഹിന്ദുപത്രം എടുത്തിരുന്നു. അതിൽ ഞാൻ പറയാത്ത ഒരുഭാഗം അവർ കൂട്ടിച്ചേർത്തു. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് വിശദീകരണം നൽകണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചു. അവരുടെ വിശദീകരണം ഞാൻ കണ്ടിട്ടില്ല. എന്നാൽ വീഴ്ച പറ്റിയതായി അവർ സമ്മതിച്ചുവെന്നാണ് മനസ്സിലാക്കുന്നത്. സംസ്ഥാനത്തെ ഏതെങ്കിലുമൊരു ജില്ലയെയോ മതവിഭാഗത്തെയോ പ്രത്യേകമായി കുറ്റപ്പെടുത്തുന്ന രീതി എന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഞാൻ മാധ്യമങ്ങളെ കാണുന്നതും പൊതുവേദിയിൽ സംസാരിക്കുന്നതും വിരളമായിട്ടല്ല. അതിൽ ഞാൻ തുടർന്നുവരുന്ന ഒരു രീതിയുണ്ട്. ഏതെങ്കിലുമൊരു ഘട്ടത്തിൽ ഒരു പ്രത്യേക ദേശത്തിനോ ജില്ലയ്‌ക്കോ നമ്മുടെ സമൂഹത്തിലെ ഏതെങ്കിലുമൊരു പ്രത്യേക വിഭാഗത്തിനോ എതിരെ എന്റെ ഭാഗത്തുനിന്ന് പരാമർശങ്ങളുണ്ടാവില്ലെന്ന് എല്ലാവർക്കുമറിയാം. അതെല്ലാം പൊതുവെ അംഗീകരിക്കപ്പെട്ട വസ്‌തുതയും യാഥാർഥ്യവുമാണ്. ചില കാര്യങ്ങളിൽ വിയോജിപ്പ് പറയാറുണ്ട്. അത് തെറ്റായ കാര്യങ്ങൾക്ക് നേരെയാണ്. വർഗീയതയോടും വർഗീയ ശക്തികൾക്കും നേരെയാണ്. അത് ഇനിയും ശക്തമായി തുടരും’’–- പിണറായി വിജയൻ പറഞ്ഞു. Read on deshabhimani.com