"കടുവ' യേക്കാൾ കിടിലൻ ചെമ്പക്കാട്‌ നാരായണൻ; ബേഡഡുക്കയിൽ സിനിമാ സ്‌റ്റൈലിൽ എൽഡിഎഫിന്റെ പോസ്‌റ്റർ പോരാട്ടം



ബേഡകം > കടുവ സിനിമ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നടൻ പൃഥ്വിരാജ് കലിപ്പ് ലുക്കിൽ ജീപ്പിന് മുകളിൽ ഇരിക്കുന്നത് പോലെ ഇരിപ്പുറപ്പിച്ച ചെമ്പക്കാട് നാരായണൻ എന്ന കർഷകൻ, പയസ്വിനി പുഴയിലൂടെ തോണിയിൽ യാത്രയാവുന്ന പ്രിയ, നാട്ടുമ്പുറത്തെ വല്യമ്മയോട് കുശലം പറയുന്ന ധന്യയും ഗോപാലകൃഷ്ണനും, എഫ് സി ബൈക്കിൽ വരുന്ന പിള്ളേരോട് സംസാരിക്കുന്ന മാധവൻ...ബേഡകത്ത് ഇപ്പോൾ ഇവരൊക്കെയാണ് താരങ്ങൾ. പോസ്റ്റര്‍ പോരാട്ടത്തില്‍ എതിരാളികളേക്കാള്‍ ഒരുപടി മുന്നിലെത്തിയിരിക്കുകയാണ് കാസര്‍കോട് ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ  എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍. സിനിമാ സ്റ്റൈല്‍ പോസ്റ്ററുമായാണ് സ്ഥാനാര്‍ഥികള്‍ ഇവിടെ കളം നിറഞ്ഞിരിക്കുന്നത്. തദ്ദേശ തെരരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെ വ്യത്യസ്‌തമാണ്‌ പോസ്‌റ്റർ പ്രചരണം. കടുവാ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പോലെ ഇരിക്കുന്ന ചെമ്പക്കാട്‌ നാരായണൻ ബേഡഡുക്ക പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ്. അല്‍പ്പം ഗൗരവമൊക്കെ തോന്നുമെങ്കിലും യഥാര്‍ഥത്തില്‍ അങ്ങനെയൊന്നുമില്ല. ആറാം വാര്‍ഡ് സ്ഥാനാര്‍ഥി ആയിട്ടാണ് ചെമ്പക്കാട് നാരായണന്‍ മല്‍സരിക്കുന്നത്. നാടിളക്കിയുള്ള പ്രാചാരണത്തിന് കോവിഡ് തടസ്സമായെങ്കില്‍ സമൂഹമാധ്യമങ്ങളുടെ സാധ്യത പരമാവധി ഉപയോഗിക്കുകയാണിവര്‍. പോസ്റ്ററൊരുക്കാനും ഡിസൈൻ ചെയ്യാനുമൊക്കെയായി യുവാക്കളുടെ പ്രത്യേക ടീമും ഇവിടെ സജീവമാണ്. ടീം ബേഡകം കൂട്ടായ്മ. പോസ്റ്ററുകൾ ഇതിനകം നവമാധ്യമങ്ങളിൽ വലിയ പ്രചരണം നേടി. തെരഞ്ഞെടുപ്പിൽ യുവാക്കൾ സജീവമായി രംഗത്തിറങ്ങിയതോടെ കഴിഞ്ഞ തവണ തലനാരിഴയ്ക്ക് കൈ വിട്ട ഒരു സീറ്റുമടക്കം മുഴുവൻ സീറ്റും തൂത്തുവാരുമെന്ന വിശ്വാസത്തിലാണ് ബേഡകത്തെ എൽഡിഎഫ് നേതൃത്വം. ചെമ്പക്കാട് നാരായണന്‍ എന്ന സ്ഥാനാര്‍ഥി മാത്രമല്ല, ഈ പഞ്ചായത്തിലെ മുഴുവന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കും നല്ല തകര്‍പ്പന്‍ പോസ്റ്ററുകള്‍ തയാറാക്കിയിട്ടുണ്ട്  ധന്യയും, ഗോപാലകൃഷ്ണനും മാധവനും വല്‍സലയും പ്രിയയും ശ്രുതിയും അങ്ങനെ സ്ഥാനാര്‍ഥികളെല്ലാം മിന്നിത്തിളങ്ങി നില്‍ക്കുകയാണ്. സ്ഥാനാര്‍ഥികളുടെ തൊഴില്‍ സാഹചര്യങ്ങളാണ് പോസ്റ്ററുകളില്‍ മുഴുവന്‍ ഉള്ളത്. ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും സജീവ പ്രവര്‍ത്തകരാണ് ടീം ബേഡകത്തിലെ അംഗങ്ങളെല്ലാം. വെറുമൊരു പോസ്റ്റര്‍ മാത്രമല്ലിത്, ഓരോ പോസ്റ്ററുകള്‍ക്കും പിന്നിലും വലിയ കഥകള്‍ പറയാനുണ്ട്. Read on deshabhimani.com

Related News