ഉപതെരഞ്ഞെടുപ്പ്‌: കോട്ടയത്ത്‌ എൽഡിഎഫിന്‌ മേൽക്കൈ



കോട്ടയം> കോട്ടയം ജില്ലയിലെ മൂന്ന്‌ പഞ്ചായത്തുകളിലെ മൂന്ന്‌ വാർഡുകളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ മേൽക്കൈ. രണ്ടിടങ്ങളിൽ എൽഡിഎഫും ഒരിടത്ത്‌ യുഡിഎഫ്‌ സ്ഥാനാർഥിയും വിജയിച്ചു. വാകത്താനം പഞ്ചായത്തിലെ- വാർഡ്‌ 11 (പൊങ്ങന്താനം), പനച്ചിക്കാട്‌ പഞ്ചായത്തിലെ- വാർഡ്‌ 20 (പൂവന്തുരുത്ത്‌), ചെമ്പ്‌ പഞ്ചായത്തിലെ- ഒന്നാം വാർഡ്‌ (കാട്ടിക്കുന്ന്‌) എന്നിവിടങ്ങളിലാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. വാകത്താനം പഞ്ചായത്തിലെ യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്ന പൊങ്ങന്താനം എൽഡിഎഫ്‌ പിടിച്ചെടുത്തു. കേരള കോൺഗ്രസ് എമ്മിലെ ബവിത ജോസഫ് രണ്ട്‌ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ വിജയിച്ചത്‌. ചെമ്പിൽ എൽഡിഎഫിന്റെ നിഷ വിജു (സിപിഐ എം) 126 വോട്ടിന്‌ വിജയിച്ചു. യുഡിഎഫിലെ കവിതാ ഷാജിയെയാണ്‌ പരാജയപ്പെടുത്തിയത്‌. പനച്ചിക്കാട് പൂവന്തുരുത്തിൽ യുഡിഎഫ് സ്ഥാനാർഥി മഞ്ജു രാജേഷ് 129 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വാകത്താനത്ത്‌- യുഡിഎഫ്‌ (കോൺഗ്രസ്‌) അംഗമായിരുന്ന ജെസി ബിനോയ്‌ മരണപ്പെട്ടതിനെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. പനച്ചിക്കാട്‌ എൽഡിഎഫ്‌ (സിപിഐ എം) അംഗമായിരുന്ന ഷീബ ലാലച്ചൻ ജോലി ലഭിച്ചതിനെത്തുടർന്ന്‌ രാജിവെച്ച സാഹചര്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ചെമ്പ്‌ പഞ്ചായത്തിൽ എൽഡിഎഫ്‌ (സിപിഐ എം) അംഗമായിരുന്ന ശാലിനി മധുവിനെ തെരഞ്ഞെടുപ്പ്‌ കമീഷൻ അയോഗ്യയാക്കിതിനെ തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. ഫലം മൂന്നിടത്തെയും  ഭരണത്തെ ബാധിക്കില്ല. Read on deshabhimani.com

Related News