തിരുവനന്തപുരത്ത് എൽഡിഎഫിന് സമ​ഗ്രാധിപത്യം; കോൺ​ഗ്രസ്- ബിജെപി സിറ്റിങ് സീറ്റുകൾ പിടിച്ചെടുത്തു



തിരുവനന്തപുരം> തിരുവനന്തപുരം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മുഴുവൻ സീറ്റുകളും പിടിച്ചെടുത്ത് എൽഡിഎഫ്. ഒരു ജില്ലാ പഞ്ചായത്തിലേക്കും രണ്ട് ന​ഗരസഭയിലേക്കുമടക്കം എട്ടിടങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് എൽഡിഎഫിന്റെ സമ​ഗ്രാധിപത്യം. കോൺ​ഗ്രസിന്റെയും ബിജെപിയുടെയും നാലുവീതം സിറ്റിങ് സീറ്റുകളാണ് എൽഡിഎഫ് പിടിച്ചെടുത്തത്. ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷനും തിരുവനന്തപുരം പെരിങ്ങമ്മല പഞ്ചായത്തിലെ കരിമൻകോട്, മടത്തറ, കൊല്ലായിൽ വാർഡുകളുമാണ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തത്. ബിജെപി ഭരിക്കുന്ന കരവാരത്ത്‌ പഞ്ചായത്തിലെ പട്ട്‌ള, ചാത്തമ്പറ വാർഡുകളും ആറ്റിങ്ങൽ നഗരസഭയിലെ ചെറുവള്ളിമുക്ക്‌, തോട്ടവാരം വാർഡുകളും എൽഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി വെള്ളനാട്‌ ശശി ആയിരത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. യുഡിഎഫ് സ്ഥാനാർത്ഥി ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ വി ആർ പ്രതാപനെയാണ് തോൽപ്പിച്ചത്. പ്രമുഖ കോൺഗ്രസ്‌ നേതാവായിരുന്ന വെള്ളനാട്‌ ശശി സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതിനാൽ രാജിവച്ച ഒഴിവിലാണ്‌ വെള്ളനാട്‌ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്. ആറ്റിങ്ങൽ നഗരസഭയിലെ ചെറുവള്ളിമുക്ക്‌, തോട്ടവാരം വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി സിറ്റിങ് സീറ്റുകളാണ് എൽഡിഎഫ് പിടിച്ചെടുത്തത്. ചെറുവള്ളിമുക്കിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം എസ്‌ മഞ്ജുവും തൊട്ടവാരത്ത്‌ ജി ലേഖയുമാണ് ജയിച്ചത്. രണ്ടിടത്തും ബിജെപി മൂന്നാമതായി. രണ്ടിടത്തേയും ബിജെപി അം​ഗങ്ങൾ രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ചെറുവള്ളിമുക്കിൽ  കഴിഞ്ഞ തവണ നാല്‌ വോട്ടിനായിരുന്നു ബിജെപിയുടെ വിജയം. തിരുവനന്തപുരം പെരിങ്ങമ്മല പഞ്ചായത്തിലെ കരിമൻകോട്, മടത്തറ, കൊല്ലായിൽ വാർഡുകളിലും എൽഡിഎഫ് ജയിച്ചു. കോൺ​ഗ്രസിന്റെ മൂന്ന് സിറ്റിങ് സീറ്റുകളും പിടിച്ചെടുത്തതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫിനായി. കരിമൺകോട് വാർഡിൽ എം ഷഹനാസ് 314 വോട്ടിന്റെ ഭൂരിപക്ഷത്തിലും കൊല്ലായിൽ വാർഡിൽ കലയപുരം അൻസാരി 438 വോട്ടിന്റെ ഭൂരിപക്ഷത്തിലും മടത്തറ വാർഡിൽ ഷിനു 203 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് 10, യുഡിഎഫ് 8, ബിജെപി 1 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. പെരിങ്ങമ്മല പഞ്ചായത്തിലെ മൂന്നംഗങ്ങളും കോൺഗ്രസ്‌ വിട്ട്‌ സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കാൻ രാജിവയ്‌ക്കുകയായിരുന്നു. തിരുവനന്തപുരത്ത് ബിജെപി ഭരണത്തിലുള്ള കരവാരം പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാർഡുകളും എൽഡിഎഫ് സ്വന്തമാക്കി. ബിജെപിക്കും എൽഡിഎഫിനും ഏഴ് അം​ഗങ്ങളായതോടെ ഭരണം തുലാസിലായി. പട്ട്‌ള വാർഡിൽ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൂടിയായ കെ ബേബി ഗിരിജയും ചാത്തമ്പറ വാർഡിൽ വിജി വേണുവുമാണ് ജയിച്ചു കയറിയത്. ബിജെപിയുടെ ദുർഭരണത്തിൽ പ്രതിഷേധിച്ച്‌ വൈസ്‌ പ്രസിഡന്റ്‌ അടക്കമുള്ള പാർടിയുടെ രണ്ട് അം​ഗങ്ങൾ രാജിവെച്ചതിന് പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇരുവരും സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കാനാണ്‌ തീരുമാനിച്ചത്‌. ബിജെപി-7, എൽഡിഎഫ്‌- 7, യുഡിഎഫ്‌- 2, എസ്‌ഡിപിഐ- 2 എന്നിങ്ങനെയാണ്‌ പഞ്ചായത്തിൽ നിലവിലെ കക്ഷിനില. Read on deshabhimani.com

Related News