ശംഖിലിയിൽ തഴയ്‌ക്കുന്നു ആരോഗ്യപ്പച്ച



കൊല്ലം> ഒരില കഴിച്ചാൽ വിശപ്പും ദാഹവും അകലുന്ന ആരോഗ്യപ്പച്ച തഴയ്‌ക്കുന്നു ശംഖിലിയിൽ. പരമ്പരാഗത ചികിത്സയ്‌ക്ക്‌ കാടിന്റെ മക്കളായ കാണി വിഭാഗക്കാർ ആശ്രയിച്ചിരുന്ന അത്ഭുതസസ്യം കുളത്തൂപ്പുഴ റേഞ്ചിലെ ശംഖിലി, മൈലമൂട്‌ ഭാഗങ്ങളിലാണ്‌ തഴച്ചുവളരുന്നത്‌. രണ്ട്‌ ഹെക്ടറിലായി 2000 തൈയാണ്‌ ഇവിടെ വളരുന്നത്‌. അഞ്ചുമാസംമുമ്പ്‌ വനം അധികൃതരുടെ കൂട്ടായ്‌മയിലാണ്‌ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സസ്യത്തിന്റെ സംരക്ഷണപ്രവർത്തനം തുടങ്ങിയത്‌. ആരോഗ്യപ്പച്ചയുടെ സാധ്യതകൾ ഗവേഷണം ചെയ്യാനുള്ള ശ്രമം കൂടിയാണിത്. ഇവ സംരക്ഷിച്ച്‌ വരുംതലമുറയ്‌ക്ക്‌ കൈമാറുകയാണ്‌ വകുപ്പ്‌ ലക്ഷ്യം. സമുദ്രനിരപ്പിൽനിന്ന് 900 മീറ്റർ മുകളിൽ മാത്രം വളരുന്ന ഇവയെ കാട്ടിനുള്ളിലേ  വളർത്താനാകൂ.   കുറ്റിച്ചെടിയായി മാത്രം വളരുന്ന ഇതിന്റെ കുരിന്നിലയും പാകമാകാത്ത കായുമാണ് കൂടുതൽ ഗുണം. ആരോഗ്യപ്പച്ച എന്ന് ശാസ്ത്രസമൂഹവും ‘ചാത്താൻകളഞ്ഞ' എന്നു കാണിക്കാരും വിളിക്കുന്ന സസ്യം വിശപ്പടക്കാനും തളർച്ച മാറ്റാനുമായിരുന്നു ഉപയോഗിച്ചിരുന്നത്‌. ഇതിന്റെ കായയിൽ ഗ്ലൈക്കോലിപ്പിഡും നോൺ സ്റ്റിറോയിഡൽ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്‌. രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ ഇത് ഉപകരിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.   പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റമായ അഗസ്‌ത്യമല ബയോസ്‌ഫിയറിൽ മാത്രം അത്യപൂർവമായി കാണപ്പെടുന്ന ഒരു തൽക്ഷണ ഊർജ ബൂസ്റ്ററാണ്‌. ഈ വനമേഖലയിലെ അനുയോജ്യ കാലാവസ്ഥയും മണ്ണിന്റെ ഗുണമേന്മയും സ്വാഭാവിക ആവാസവ്യവസ്ഥ പ്രദാനംചെയ്യുന്നതിനാൽ ചെടികളെല്ലാം നന്നായി വളരുന്നു.  തണലിൽ വളരുന്ന ഇവയ്‌ക്ക്‌ കുറഞ്ഞ പരിപാലനവും മതിയെന്ന്‌ വനം അധികൃതർ പറഞ്ഞു.  ഔഷധഗുണങ്ങൾ കൂടാതെ കായികതാരങ്ങൾക്കും സൈനികർക്കും ഇത് ഒരു സപ്ലിമെന്റായി നൽകാവുന്നതാണെന്ന്‌ കേരള സർവകലാശാല മുൻ ഗവേഷകൻ പി കെ അനൂപ്‌ പറഞ്ഞു. പരമ്പരാഗതമായി കൈമാറി വരുന്ന ഇത്തരം വിവരങ്ങൾ രേഖപ്പെടുത്തി വരും തലമുറയ്‌ക്ക്‌ കൈമാറുന്നതിന്‌ വിശദപഠനങ്ങൾ ആവശ്യമാണ്. ഔഷധസസ്യ വിഭവങ്ങളുടെ ആവശ്യം വർധിക്കുന്ന സാഹചര്യത്തിൽ വ്യാവസായിക അടിസ്ഥാനത്തിൽ ആരോഗ്യപ്പച്ചയുടെ സാധ്യത പ്രയോജനപ്പെടുത്തണം. വിദേശ ഇനങ്ങൾ ഉൾപ്പെടെയുള്ള  വിളകൾ നട്ടുപിടിപ്പിക്കുമ്പോൾ, കാടിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയാണ്‌  നശിപ്പിക്കുന്നത്‌. എന്നാൽ, പ്രകൃതിദത്ത ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കാൻ ആരോഗ്യപ്പച്ച പോലുള്ള സസ്യങ്ങൾ സഹായിക്കും. വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി സമൂഹങ്ങൾക്ക് ഇത് വരുമാനവും ഉറപ്പാക്കും–- അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News