മേളത്തിന് കാലമേയുള്ളൂ, പ്രായമില്ലെന്ന് ഗിരീഷ്
വടക്കാഞ്ചേരി> വാദ്യങ്ങള്‍ക്ക് കാലമേയുള്ളൂ, പ്രായമില്ലെന്ന് തെളിയിച്ച് അമ്പതു വയസ്സുകാരന്റെ പഞ്ചാരിമേളം അരങ്ങേറ്റം. മേളത്തോടുള്ള ആവേശത്തിനു മുന്നില്‍ പ്രായം തടസ്സമായില്ല ഗിരീഷിന്. വെള്ളാറ്റഞ്ഞൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ നിറമാലാഘോഷത്തിൽ അമ്പതാം വയസ്സിൽ തയ്യൂര്‍ കൊടുവള്ളി വീട്ടില്‍ കെ വി ഗിരീഷ് പഞ്ചാരിമേളത്തിൽ അരങ്ങേറ്റം നടത്തി. പഞ്ചാരിമേളത്തില്‍ അരങ്ങേറുകയെന്നത് ഈ പ്രായത്തില്‍ ശ്രമകരമാണ്.കഠിനമായ പരിശീലനം നടത്തിയാണ് അരങ്ങേറ്റത്തിനൊരുങ്ങിയത്. മേളത്തോടുള്ള താൽപ്പര്യത്താൽ മധ്യകേരളത്തിലെ ഭൂരിഭാഗം ഉത്സവ പറമ്പുകളിലും എത്താറുണ്ട് ഗീരീഷ്. പനമുക്ക് രാം പ്രസാദിന്റെ കീഴിലായിരുന്നു മേളം പരിശീലനം നടത്തിയത്. ആറാട്ടുപുഴ, കുറ്റുമുക്ക്, ഗുരുവായൂര്‍ ക്ഷേത്രങ്ങളിലെ പഞ്ചാരിമേളത്തില്‍ ഇടം പിടിക്കണമെന്നാണ് ഗിരീഷിന്റേ മോഹം. പഞ്ചാരിമേളം അരങ്ങേറ്റം ആസ്വദിക്കാൻ വൻ ജനാവലിയാണ് ക്ഷേത്രത്തിലെത്തിയത് കോണ്‍ക്രീറ്റ് കൊണ്ടുള്ള അവശ്യവസ്തുക്കളുടെ നിര്‍മാണ യൂണിറ്റ് ഉടമയായ ഗിരീഷ്. തയ്യൂരിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ മുന്‍നിര പോരാളിയാണ്. സിപിഐ എം തയ്യൂര്‍ തെക്ക് ബ്രാഞ്ച് സെക്രട്ടറി, വേലൂര്‍ കാര്‍ഷികേതര സംഘം ബോര്‍ഡംഗം, ആര്‍ട്ടിസാന്‍സ് യൂണിയന്‍ വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. Read on deshabhimani.com