പ്രകൃതി വിളിച്ചു; മലകയറി സഞ്ചാരികൾ



കൽപ്പറ്റ> ചെമ്പ്രാപീക്കും  മീൻമുട്ടിയും വീണ്ടും സഞ്ചാരികളെ വരവേറ്റു.  എട്ട്‌ മാസത്തിനുശേഷമാണ്‌ ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്ക്‌  പ്രവേശനം പുനരാരംഭിച്ചത്‌. പ്രകൃതിയൊരുക്കിയ വിസ്‌മയക്കാഴ്‌ചകൾ നുകരാൻ ആദ്യദിനം പുലർച്ചെ തന്നെ സഞ്ചാരികളെത്തി. വരും ദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ. തിങ്കളാഴ്‌ച ചെമ്പ്രാപീക്കിൽ 27 പേരും  മീൻമുട്ടിയിൽ 293 പേരും എത്തി.  ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ്‌ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടത്‌. സന്ദർശകരുടെ എണ്ണം കുറച്ച്‌ തുറക്കാൻ കഴിഞ്ഞ ദിവസം  കോടതി ഉത്തരവിടുകയായിരുന്നു. പ്രവേശന ഫീസ്‌ ഇരട്ടിയാക്കാനും നിർദേശിച്ചു. ഒരു ദിവസം ചെമ്പ്രയിലേക്ക്‌ കടത്തിവിടാവുന്നവരുടെ എണ്ണം 88 ആക്കി. അഞ്ചുപേരടങ്ങിയ ഗ്രൂപ്പിന്‌ 4000 രൂപയാണ്‌ ഫീസ്‌. ആദ്യം 75 പേരും 5000 രൂപയുമായിരുന്നു നിശ്ചയിച്ചതെങ്കിലും കുറയ്‌ക്കുകയായിരുന്നു. മലയിലേക്കുള്ള വഴി  വൃത്തിയാക്കൽ,  വാച്ച്‌ടവർ പരിസരത്ത്‌ പ്രാഥമിക സൗകര്യം ഒരുക്കൽ തുടങ്ങി ചെമ്പ്ര തുറക്കുന്നതുമായി ബന്ധപ്പെട്ട്‌ ജീവനക്കാർ മുന്നൊരുക്കം പൂർത്തിയാക്കിരുന്നു. ഫീസ്‌  ഓൺലൈനിലേക്ക്‌ മാറ്റിയിട്ടുണ്ട്‌. പ്ലാസ്‌റ്റിക്‌ വസ്‌തുക്കൾ പൂർണമായും നിരോധിച്ചു. മീൻമുട്ടിയിൽ 500 പേർക്കാണ്‌ ഒരുദിവസം പ്രവേശനം. 100 രൂപയാണ്‌ പ്രവേശന ഫീസ്‌. മീൻമുട്ടി കാറ്റുകുന്ന്‌–- ആനച്ചോല ട്രക്കിങ്ങിന്‌ അഞ്ചുപേരടങ്ങിയ സംഘത്തിന്‌ 4000 രൂപയാണ്‌ ഫീസ്‌. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നത്‌ ജില്ലയിലെ ടൂറിസം മേഖലക്ക്‌ കരുത്താകും. ചെറുകിട കച്ചവടക്കാർ, ഹോട്ടലുകൾ തുടങ്ങിയവയെല്ലാം മാസങ്ങളായി കനത്ത സാമ്പത്തിക പ്രതിസന്ധിയാണ്‌ നേരിട്ടത്‌. ഇക്കോ ടൂറിസം  കേന്ദ്രങ്ങളിലെ ജീവനക്കാരും തൊഴിലില്ലാതെ ദുരിതത്തിലായി. ടൂറിസം കേന്ദ്രങ്ങൾ തുറന്നതോടെ ജീവനക്കാരും വ്യാപാരികളുമെല്ലാം ആശ്വാസത്തിലാണ്‌. സൂചിപ്പാറ വെള്ളച്ചാട്ടം നവംബർ ഒന്നുമുതൽ പ്രവർത്തിക്കും. Highlights : ചെമ്പ്രാപീക്കും മീൻമുട്ടിയും സന്ദർശകർക്കായി തുറന്നു   Read on deshabhimani.com

Related News