ലോക കേരളസഭാ സമ്മേളനം ഇന്ന് തുടങ്ങും
തിരുവനന്തപുരം ലോക കേരളസഭ മൂന്നാമത് സമ്മേളനത്തിന് വ്യാഴാഴ്‌ച തുടക്കമാകും. മൂന്നുദിവസത്തെ സമ്മേളനത്തിൽ 351 പ്രതിനിധികൾ പങ്കെടുക്കും. 182 പ്രവാസികളും 169 ജനപ്രതിനിധികളും. 65 രാജ്യത്തെയും 21 സംസ്ഥാനത്തെയും പ്രവാസി പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്ന് നിയമസഭാ സ്‌പീക്കർ എം ബി രാജേഷും നോർക്കാ റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്‌ണനും വാർത്താസമ്മേളനത്തിൽ അറിയിച്ചു. സഭാംഗങ്ങളായ പ്രവാസികളിൽ 104 പേർ ഇന്ത്യക്ക് പുറത്തുനിന്നാണ്. 36 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും. 12 പേർ തിരികെയെത്തിയ പ്രവാസികളെ പ്രതിനിധാനം ചെയ്യും. 30 പ്രവാസി വിശിഷ്ട വ്യക്തിത്വങ്ങളുമുണ്ടാകും. ഇന്ത്യൻ പൗരത്വമില്ലാത്തവരും പ്രവാസവുമായി ബന്ധപ്പെട്ട മറ്റു പ്രമുഖരും പ്രത്യേക ക്ഷണിതാക്കളാണ്. വ്യാഴം വൈകിട്ട് അഞ്ചിന് കനകക്കുന്ന് നിശാഗന്ധിയിൽ ലോക കേരളസഭ പൊതുസമ്മേളനം ചേരും. ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഉദ്‌ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനാകും. സ്‌പീക്കർ എം ബി രാജേഷ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ പങ്കെടുക്കും. കലാപരിപാടിയും ഉണ്ടാകും. നിയമസഭാ മന്ദിരത്തിലെ വേദിയിൽ 17നും 18നും ലോക കേരളസഭ ചേരും. 17ന് രാവിലെ 10ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും. സമീപന രേഖയും സമ്മേളനത്തിന് സമർപ്പിക്കും. സഭാ നടപടികൾ സ്‌പീക്കർ വിവരിക്കും. വി ഡി സതീശൻ, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ എന്നിവർ സംസാരിക്കും. ഉച്ചയ്‌ക്കുശേഷം പ്രത്യേക ഹാളുകളിലായി ഏഴ് മേഖലാ യോഗം ചേരും. തുടർന്ന് എട്ട് വിഷയാടിസ്ഥാന മേഖലാ സമ്മേളനങ്ങളും നടക്കും. 18നും തുടരുന്ന സമ്മേളനത്തിൽ ഉച്ചയ്‌ക്കുശേഷം മുഖ്യമന്ത്രി ചർച്ചയ്‌ക്ക് മറുപടി പറയും. സ്‌പീക്കറുടെ സമാപന പ്രസംഗത്തോടെ സമ്മേളന നടപടി അവസാനിക്കും. രണ്ടുദിവസവും കലാപരിപാടികളുമുണ്ടാകും. രണ്ടുദിവസവും ഓപ്പൺ ഫോറം നടക്കും. നോർക്കാ റൂട്ട്‌സ് ഡയറക്ടർ എം എ യൂസഫ് അലി അടക്കമുള്ളവർ ജനങ്ങളുമായി സംവദിക്കും. ചെലവു ചുരുക്കിയും സ്‌പോൺസർഷിപ്പിലൂടെയുമാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. മൂന്നു കോടി രൂപ സർക്കാരും നൽകും. Read on deshabhimani.com