അർജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു; വിവാദങ്ങൾ ഇന്നത്തോടെ അവസാനിപ്പിക്കണം: മനാഫ്



കോഴിക്കോട് > തന്റെ പ്രതികരണങ്ങളെത്തുടർന്ന് അർജുന്റെ കുടുംബത്തിന് വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായി ലോറി ഉടമ മനാഫ്. വിവാദങ്ങൾ ഇന്നത്തോടെ അവസാനിപ്പിക്കണമെന്നും അർജുന്റെ പേരിൽ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും മനാഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അർജുന്റെ കാര്യത്തിൽ ഒരു മുതലെടുപ്പും നടത്തിയിട്ടില്ല. ഒരു ജോലിക്കാരന് വേണ്ടി ആത്മാർഥമായി കൂടെനിന്ന് അയാളുടെ മൃതദേഹം വീട്ടിൽ എത്തിക്കുക മാത്രമാണ് ചെയ്തത്. അർജുന്റെ പേരിൽ പണപ്പിരിവും നടത്തിയിട്ടില്ല. ചിലർ തരാമെന്ന് പറഞ്ഞ പണം വേണ്ട എന്നാണ് പറഞ്ഞത്. പിന്നെയും നിർബന്ധിച്ചപ്പോഴാണ് അർജുന്റെ മകന് നൽകാമെന്നു കരുതി അക്കൗണ്ട് നമ്പർ ചോദിച്ചത്. യൂട്യൂബ് ചാനൽ തുടങ്ങിയത് വിവരങ്ങൾ എല്ലാവരെയും അറിയിക്കാൻ വേണ്ടിയാണ്. അർജുനെ ലഭിച്ചു കഴിഞ്ഞപ്പോൾ നിർത്താമെന്ന് കരുതിയതാണ്. പക്ഷേ ഇനി ചാനൽ നിർത്തുന്നില്ല. എല്ലാവരും  മാധ്യമങ്ങളിലൂടെ തന്നെ അറിഞ്ഞത് ലോറിയുടമ മനാഫ് എന്നാണ്. അതുകൊണ്ടാണ് ചാനലിനും ആ പേര് നൽകിയത്. താൻ കാര്യങ്ങളെ വൈകാരികമായി സമീപിക്കുന്നയാളാണ്. തന്റെ പ്രതികരണങ്ങളും ഇങ്ങനെയാണ്. അതുമൂലം കുടുംബത്തിന് വിഷമമുണ്ടായെങ്കിൽ മാപ്പ് ചോദിക്കുന്നു. മുബീൻ തന്റെ അനിയനാണ്. മുബീന്റെ പേരിലാണ് ലോറി. തങ്ങൾ പാർട്നർഷിപ്പിലാണ് കച്ചവടം നടത്തുന്നതെന്നും മനാഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.     Read on deshabhimani.com

Related News