വ്യാജ ലോട്ടറി തടയാൻ ക്യു ആർ കോഡ് സംവിധാനം നടപ്പാക്കും: തോമസ് ഐസക്
കൊച്ചി > വ്യാജ ലോട്ടറികൾ തിരിച്ചറിയാൻ ടിക്കറ്റുകളിൽ ക്യു ആർ കോഡ് സംവിധാനം നടപ്പാക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. ജനുവരി ഒന്നു മുതലാണ് ഈ ആധുനിക സുരക്ഷാസംവിധാനം നിലവിൽ വരിക. സംസ്ഥാന ഭാഗ്യക്കുറി സുരക്ഷിതമാക്കാനുള്ള സോഫ്‌റ്റ്‌വെയറിന് രൂപം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ലോട്ടറി വിൽപനക്കാരുടെയും ഏജന്റുമാരുടെയും സംസ്ഥാന സമരപ്രഖ്യാപന കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളലോട്ടറി ടിക്കറ്റ് ഇനി അച്ചടിക്കാൻ കഴിയില്ല. മൊബൈൽ ഫോണിന്റെ സഹായത്തോടെ സ്‌കാൻ ചെയ്‌താൽ ഏതു ലോട്ടറി വിൽപനക്കാരനും വ്യാജനെ മനസ്സിലാക്കാം. എഴുത്ത് ലോട്ടറികൾ നടത്തുന്നവർക്കെതിരെയും നടപടി കർശനമാക്കും. ഭാഗ്യക്കുറിയെക്കുറിച്ച് തെറ്റിദ്ധാരണപരത്താനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണമെന്നും തോമസ് ഐസക് പറഞ്ഞു. കാരുണ്യ പദ്ധതിക്ക് ലോട്ടറി വിൽപനയിൽനിന്ന് 1000 കോടി രൂപയാണ് പ്രതിവർഷം നൽകുന്നത്. ഒരു ദശാബ്‌ദമായി സംസ്ഥാന ലോട്ടറി വിൽപനയിൽ അഭൂതപൂർവമായ വർധനവാണ്. 2011–-12ൽ 1282 കോടി രൂപയായിരുന്നു ലോട്ടറി വിൽപന. 2015ൽ അത് 6317 കോടിയും 2019ൽ പതിനായിരം കോടിയായെന്നും ഐസക് പറഞ്ഞു. കേരള ഭാഗ്യക്കുറിയെ സംരക്ഷിക്കുക, ജിഎസ്‌ടി നിരക്ക് ഏകീകരിക്കാനുള്ള കേന്ദ്രനീക്കം ഉപേക്ഷിക്കുക, അന്യസംസ്ഥാന ലോട്ടറി മാഫിയകളെ ചെറുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ലോട്ടറി സംരക്ഷണസമിതി സംഘടിപ്പിച്ച കൺവൻഷനിൽ ചെയർമാൻ ഫിലിപ് ജോസഫ് അധ്യക്ഷനായി. കൺവീനർ പി ആർ ജയപ്രകാശ് സ്വാഗതം പറഞ്ഞു. വി ബാലൻ സമരപ്രഖ്യാപന പ്രമേയം അവതരിപ്പിച്ചു. എം വി ജയരാജൻ (സിഐടിയു), പി ആർ ജയപ്രകാശ്, വി എസ് മണി, കെ എസ് ഇന്ദുശേഖരൻ നായർ, പുരുഷോത്തമ ഭാരതി, ജെ ജയകുമാർ, സണ്ണി തെക്കേടം, എൻ അൻസറുദ്ദീൻ, ടി ബി സുബൈർ, ജോർജ് കോട്ടൂർ എന്നിവർ സംസാരിച്ചു. പി എസ് മോഹനൻ നന്ദി പറഞ്ഞു. Read on deshabhimani.com