വർഗീയതയ്‌ക്കെതിരെ നിരന്തര സമരം വേണം: എം എ ബേബി
തിരുവനന്തപുരം കേരളീയ സമൂഹത്തിൽ നടക്കുന്ന സംഘപരിവാർ വർഗീയ പദ്ധതിക്കും അതിനെ എതിർക്കാനെന്ന പേരിലുള്ള ന്യൂനപക്ഷ വർഗീയ തീവ്രവാദ നീക്കങ്ങൾക്കും എതിരെ നിശിതവും നിരന്തരവുമായ സമരം വേണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. വർഗീയതയും ജാതീയതയും അമിതാധികാര മനോഭാവവും ഫ്യൂഡൽ പ്രവണതകളും ഒളിഞ്ഞും തെളിഞ്ഞും പ്രകടമാകുന്നുണ്ട്. കലയുടെ കച്ചവടവൽക്കരണം ഉയർത്തുന്ന വെല്ലുവിളി ഗൗരവമുള്ളതാണ്. മാധ്യമരംഗം മൂലധനശക്തികളുടെയും വർഗീയശക്തികളുടെയും നേരിട്ടുള്ള നിയന്ത്രണത്തിലാണ്. പുരോഗമന പ്രസ്ഥാനങ്ങളെ അവമതിക്കുകയും അതിനെതിരെ കഥകൾ മെനയുകയുമാണ് അവരുടെ സമർപ്പിത കർമം. റിപ്പോർട്ടിങ്ങിലെ സത്യാവസ്ഥയും കൃത്യതയും പരിശോധിക്കാനുള്ള സ്വതന്ത്ര ജാഗ്രതാ സമിതിപോലുള്ള സംവിധാനം സാധ്യമാണോ എന്ന് പരിശോധിക്കണം. സാമൂഹ്യമാധ്യമങ്ങളെ ജനാധിപത്യ സമരത്തിൽ ഉപയോഗപ്പെടുത്തണം. മലയാളം സർവകലാശാല, കേരള കലാമണ്ഡലം, കേരളത്തിലെ എല്ലാ സർവകലാശാലകളിലെയും ഭാഷാവകുപ്പുകൾ, സാഹിത്യ അക്കാദമി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സർവവിജ്ഞാന കോശം, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവ സഹകരിച്ച് സംസ്‌കാരം, മാധ്യമം, ഭാഷ എന്നീ മേഖലകളിൽ ഇന്നുള്ള പ്രശ്‌നങ്ങളും പരിമിതികളും മറകടക്കാനായി സമഗ്രമായ പരിപ്രേക്ഷ്യം വികസിപ്പിക്കണം. ഇത്തരം ഇടപെടലുകൾക്ക് സഹായകമായ സാംസ്‌കാരിക സംഗമം രണ്ടു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കാവുന്നതാണെന്നും ‘സംസ്‌കാരം–- മാധ്യമം–- ഭാഷ’ എന്ന പ്രബന്ധം അവതരിപ്പിച്ച് അദ്ദേഹം പറഞ്ഞു. Read on deshabhimani.com