ഉദ്യോഗസ്ഥരെ ഇടനിലക്കാരാക്കുന്നത്‌ 
യുഡിഎഫ്‌ ശൈലി: എം ബി രാജേഷ്‌



തിരുവനന്തപുരം ഉദ്യോഗസ്ഥരെ രാഷ്ട്രീയ ഇടനിലക്കാരാക്കുന്നതിന്റെ തൂവൽ യുഡിഎഫിന്റെ തൊപ്പിയിലാണുള്ളതെന്ന്‌ മന്ത്രി എം ബി രാജേഷ്‌. നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്‌ക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥരെ രാഷ്ട്രീയ ചർച്ചകൾക്ക്‌ ഉപയോഗിക്കുന്നത്‌ കേൺഗ്രസിന്റെ രീതിയാണ്‌. ജയറാം പടിക്കലിന്റെ ആത്മകഥയും ഇക്കണോമിക്‌ ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ ഇന്ദിരാ ഗാന്ധിയെക്കുറിച്ച്‌ നടത്തിയ വെളിപ്പെടുത്തലുമെല്ലാം കോൺഗ്രസ്‌ ശൈലി വ്യക്തമാക്കുന്നതായിരുന്നു. ആർഎസ്‌എസ്‌ സർസംഘചാലകിനെ കാണാൻ കോൺഗ്രസ്‌ പറഞ്ഞയച്ചത്‌ ഗോവ ഗവർണറെയായിരുന്നു. വ്യക്തിപരമായ ആനുകൂല്യത്തിനായാണ്‌ എഡിജിപി ആർഎസ്‌എസ്‌ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയതെങ്കിൽ ചട്ടലംഘനമാണ്‌. ഇത്‌ തെളിഞ്ഞാൽ കടുത്ത നടപടിയുമുണ്ടാകും. സ്വർണക്കടത്തിനെതിരെ നടപടിയെടുക്കാനും കണ്ണിമുറിക്കാനും സർക്കാരിനായി. കുറ്റകൃത്യങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമ്പോൾ അത്‌ ഏതെങ്കിലും ജില്ലയ്‌ക്കോ മതത്തിനോ എതിരാണെന്ന്‌ പറയുന്നത്‌ ശരിയല്ല. മലപ്പുറത്ത്‌ കേസുകൾ കൂടുതലാണെന്നത്‌ എസ്‌ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും നടത്തുന്ന പ്രചാരണമാണ്‌. അത്‌ ഏറ്റുപിടിക്കുന്നത്‌ യുഡിഎഫിന്റെ അപചയമാണ്‌. ഏതെങ്കിലും ജില്ലയെയോ മതത്തെയോ സംശയത്തിൽ നിർത്താൻ ഇടതുപക്ഷം ശ്രമിച്ചിട്ടില്ല. കേരളത്തിനും ന്യൂനപക്ഷങ്ങൾക്കും എതിരായ പ്രചാരണങ്ങളെ നെഞ്ചുവിരിച്ച്‌ എതിർത്തത്‌ ഇടതുപക്ഷമാണ്‌. അവിടെ എവിടെയും കോൺഗ്രസിനെ കണ്ടിട്ടില്ല. അവർ  മലപ്പുറം രൂപീകരണത്തിനെതിരെ ജാഥയിലിരിക്കുകയായിരുന്നു. ജില്ലാ രൂപീകരണത്തിനെതിരെ നടന്ന യോഗം ഉദ്‌ഘാടനം ചെയ്‌തത്‌  എ ബി വാജ്‌പേയിയായിരുന്നു. കോൺഗ്രസ്‌ നേതാവായ കെ കേളപ്പനായിരുന്നു മലപ്പുറം ജില്ലാ വിരുദ്ധ സമരസമിതിയുടെ കൺവീനർ. ആർഎസ്‌എസ്‌ വേദിയിൽ ‘കേരളം കപട മതേതരത്വത്തിന്റെ പിടിയിലെ’ന്ന്‌ പ്രസംഗിച്ചത്‌ വി ഡി സതീശനാണ്‌. ഈ പ്രസംഗം തന്റേതല്ലെന്ന്‌ ഇപ്പോൾ പറയുന്ന സതീശൻ ബിജെപി മുഖപത്രമായ ജന്മഭൂമിക്കെതിരെ കേസ്‌ കൊടുക്കാൻ തയ്യാറായിട്ടില്ല. ഇടതുപക്ഷത്തിന്റെ ഡിഎൻഎ ആർഎസ്‌എസ്‌ വിരുദ്ധമാണ്‌. കോൺഗ്രസിന്റേത്‌ ഹിന്ദുത്വ, ആർഎസ്‌എസ്‌ വിധേയത്വവും. 1977ൽ പിണറായി വിജയൻ ആർഎസ്‌എസ്‌ വോട്ടുവാങ്ങി ജയിച്ചുവെന്നത്‌ പച്ചക്കള്ളമാണ്‌. അടിയന്തരാവസ്ഥയ്‌ക്ക്‌ ശേഷം ജനസംഘം പിരിച്ചുവിട്ട്‌ ജനതാ പാർട്ടിയിൽ ലയിച്ചുവെന്നതാണ്‌ വസ്തുത. 1980ൽ ഒ രാജഗോപാലിന്‌ വേണ്ടി വോട്ടുപിടിച്ചത്‌ കോൺഗ്രസാണ്‌. 71ൽ പാലക്കാട്‌ എകെജിക്കെതിരെ മത്സരിപ്പിച്ചത്‌ ആർഎസ്‌എസ്‌ പ്രചാരകനായിരുന്ന ടി സി ഗോവിന്ദനെയാണ്‌. വ്യക്തിഹത്യയാണ്‌ യുഡിഎഫിന്റെ ആയുധം. കാൽനൂറ്റാണ്ടായി  പിണറായിയെ എറിഞ്ഞുവീഴ്‌ത്താൻ നോക്കിയിട്ടും നടന്നിട്ടില്ല. പിആർ ഏജന്റുമാരെ പാർടി യോഗത്തിനെത്തിച്ച്‌ ബുദ്ധിയും കുബുദ്ധിയും പ്രയോഗിക്കുന്നത്‌ കോൺഗ്രസാണ്‌. കനഗോലുവിന്‌ നൽകുന്ന കോടിക്കണക്കിന്‌ രൂപ എവിടെ നിന്നാണെന്ന്‌ വ്യക്തമാക്കണം. അപവാദങ്ങളിൽ മൂടിയും മാധ്യമ പിന്തുണയോടെയും ഇടതുപക്ഷത്തെ കുഴിച്ചുമൂടാനാകില്ല. ഒരുവർഗീയതയുടെയും മുന്നിൽ തലകുനിക്കില്ല. സത്യമെന്ന ആയുധമുയർത്തി അസത്യങ്ങളുടെ നെടുങ്കോട്ടകൾ തകർക്കുമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News