മികച്ച പ്രസംഗക; സ്‌ത്രീകളുടെ പ്രിയ പോരാളി



കൊച്ചി> വൈപ്പിൻ മുരിക്കുംപാടത്തുനിന്ന്‌ വിവാഹിതയായി അങ്കമാലിയിൽ എത്തിയ എം സി ജോസഫൈൻ അന്നേ മികച്ച വാഗ്മിയും സാമൂഹ്യ പ്രവർത്തകയുമായിരുന്നു. പുരോഗമനവാദികളായ കോൺഗ്രസുകാർ എം എ ജോണിന്റെ നേതൃത്വത്തിൽ പരിവർത്തനവാദികളായി പ്രവർത്തിക്കുന്ന കാലം. ഭർത്താവ് പി എ മത്തായിയും പരിവർത്തനവാദി കോൺഗ്രസിലായിരുന്നു. ജോസഫൈൻ അക്കാലത്ത് പാരലൽ കോളേജ് അധ്യാപികയായിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളോട് വിദ്യാർഥിയായിരിക്കെ കൂറുപുലർത്തിയ ജോസഫൈനെയും മത്തായിയെയും സിപിഐ എമ്മിന്റെ പ്രധാന പ്രവർത്തകരാക്കാൻ  മുൻകൈയെടുത്തത് പരേതനായ മുൻ സ്പീക്കർ എ പി കുര്യനാണ്. 1978ൽ ജോസഫൈൻ സിപിഐ എം അങ്കമാലി അങ്ങാടിക്കടവ് ബ്രാഞ്ചിൽ അംഗമായി. വനിതകൾക്ക് കമ്യൂണിസ്റ്റ് പാർടി പ്രവർത്തനത്തിലേക്ക് കടന്നുവരാൻ കുടുംബപരവും സാമൂഹ്യവുമായ ഒത്തിരി എതിർപ്പുകൾ നേരിടേണ്ടിവന്ന അക്കാലത്ത് ജോസഫൈൻ മുഴുവൻ സമയ പ്രവർത്തകയായി മാറി. അവിടന്നങ്ങോട്ട് അങ്കമാലിയിലെ മാത്രമല്ല ജില്ലയിലെയാകെ കമ്യൂണിസ്റ്റ് പാർടി യോഗങ്ങളിൽ ജോസഫൈന്റെ പ്രസംഗം ആവേശമായിരുന്നു. ജില്ലയുടെ കിഴക്കൻ കാർഷികമേഖലയിലും പടിഞ്ഞാറൻ തീരമേഖലയിലുമൊക്കെ സഞ്ചരിച്ച് മഹിളാ അസോസിയേഷൻ കെട്ടിപ്പടുത്ത ജോസഫൈൻ സംഘടനയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റുവരെയായി ഉയർന്നു. 2002 മുതൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമാണ്. തന്റെ പൊതുപ്രവർത്തന അനുഭവവും കഷ്ടപ്പെടുന്ന മനുഷ്യരോടുള്ള പ്രതിബദ്ധതയും, ചുമതല വഹിച്ച മേഖലകളിലെല്ലാം മാതൃകാപ്രവർത്തനം കാഴ്ചവയ്ക്കാനും സഹായിച്ചു.   Read on deshabhimani.com

Related News