സമരേതിഹാസത്തിന് വിട , ഇനി സ്‌മരണകളിൽ ; പൊതുദർശനം ഇന്ന്
കൊച്ചി മുതിർന്ന സിപിഐ എം നേതാവ് എം എം ലോറൻസിന് കേരളം തിങ്കളാഴ്ച വിടനൽകും. സമരേതിഹാസജീവിതം ഇനി സ്‌മരണകളിൽ ഊർജമായി നിറയും. തോട്ടിത്തൊഴിലാളികൾമുതൽ വ്യവസായമേഖലയിലെ തൊഴിലാളികളെവരെ സംഘടിപ്പിക്കുകയും അവകാശങ്ങൾ നേടാൻ പ്രാപ്‌തരാക്കുകയും ചെയ്‌ത പ്രിയനേതാവിന് നാട് അന്ത്യാഭിവാദ്യമർപ്പിക്കും. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം രാവിലെ ഗാന്ധിനഗറിലെ വീട്ടിൽ കൊണ്ടുവരും. എട്ടുമുതൽ 8.30 വരെ ഇവിടെ പൊതുദർശനം. തുടർന്ന് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിൻ സെന്ററിൽ എത്തിക്കും. ഒമ്പതുവരെ ലെനിൻ സെന്ററിൽ അന്ത്യോപചാരമർപ്പിക്കാം. ഒമ്പതുമുതൽ വൈകിട്ട് നാലുവരെ ടൗൺഹാളിൽ പൊതുദർശനം. ശേഷം മൃതദേഹം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിക്ക് കൈമാറും. ലോറൻസിന്റെ ആഗ്രഹപ്രകാരമാണ് വൈദ്യപഠനത്തിനായി മൃതദേഹം കൈമാറുന്നത്. തുടർന്ന് ടൗൺഹാളിൽ അനുശോചനയോഗം ചേരും. ന്യുമോണിയ ബാധിച്ച് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലോറൻസ്, ശനി പകൽ 12നാണ് അന്തരിച്ചത്. നേതാവിന്റെ വേർപാടിൽ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചിച്ചു. വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. Read on deshabhimani.com