ഇനി അമര സ്മരണ

മുതിർന്ന സിപിഐ എം നേതാവ്‌ എം എം ലോറൻസിന്റെ മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജിന്‌ കൈമാറുന്നതിന്റെ രേഖ മകൻ 
അഡ്വ. എം എൽ സജീവൻ മെഡിക്കൽ കോളേജ്‌ സൂപ്രണ്ട്‌ ഡോ. ഗണേഷ്‌ മോഹന്‌ നൽകുന്നു


കൊച്ചി> പോർമുഖങ്ങളെ ജ്വലിപ്പിച്ച സമരേതിഹാസത്തിന്‌ വീരോചിതം വിടചൊല്ലി വിപ്ലവകേരളം. ഏഴരപ്പതിറ്റാണ്ടുമുമ്പ്‌ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച്‌, സംഭവബഹുലമായ സമരജീവിതം നയിച്ച സിപിഐ എം നേതാവ്‌ എം എം ലോറൻസിന്‌ വികാരനിർഭരമായ അന്ത്യാഞ്ജലി.  ഔദ്യോഗിക ബഹുമതികളോടെ അന്ത്യോപചാരം പൂർത്തിയാക്കിയശേഷം, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം  മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജിന്‌ കൈമാറി. മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം തിങ്കൾ രാവിലെ എട്ടോടെ ഗാന്ധിനഗറിലെ വസതിയിലും തുടർന്ന്‌ സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസായ ലെനിൻ സെന്ററിലും എത്തിച്ചു. പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എളമരം കരീം, ഡോ. ടി എം തോമസ്‌ ഐസക്‌, പി രാജീവ്‌, സി എസ്‌ സുജാത, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ടി പി രാമകൃഷ്‌ണൻ, എം സ്വരാജ്‌,  ജില്ലാ സെക്രട്ടറി സി എൻ മോഹനൻ തുടങ്ങിയവർ ചേർന്ന്‌ ചെമ്പതാക പുതപ്പിച്ചു. തുടർന്ന്‌ പൊതുദർശനത്തിനായി മൃതദേഹം എറണാകുളം ടൗൺഹാളിലേക്ക്‌.  മുഖ്യമന്ത്രി പിണറായി വിജയൻ,  പിബി അംഗം എ   വിജയരാഘവൻ,   കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, എ കെ ബാലൻ, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ പി കെ ബിജു, കെ കെ ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ എന്നിവരും  ടൗൺഹാളിൽ അന്ത്യാഞ്ജലിയർപ്പിച്ചു. ദേശാഭിമാനിക്കായി ജനറൽ മാനേജർ കെ ജെ തോമസും  പുഷ്പചക്രമർപ്പിച്ചു.   മന്ത്രിമാർ, വിവിധ കക്ഷിനേതാക്കൾ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരും അന്ത്യോപചാരം അർപ്പിച്ചു. വൈകിട്ട്‌ ചേർന്ന അനുശോചന യോഗത്തിൽ വിവിധ കക്ഷി നേതാക്കളും സാംസ്കാരിക പ്രവർത്തകരും സംസാരിച്ചു. മകൾ ആശ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന്‌ കോടതി നിർദേശപ്രകാരം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌.   Read on deshabhimani.com

Related News