എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ എ കെ ബാലൻ അനുശോചിച്ചു
തിരുവനന്തപുരം> സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാവായ എം. പി. വീരേന്ദ്രകുമാറിൻ്റെ നിര്യാണത്തിൽ മന്ത്രി എ കെ ബാലൻ അഗാധമായ ദുഃഖം അറിയിച്ചു. ജെ പിയുടെയും രാംമനോഹർ ലോഹ്യയുടെയും വിചാരധാരകൾക്ക് ഇന്ത്യയിൽ ഇടം നൽകാനുള്ള രാഷ്ട്രീയ പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്. അടിയന്തിരാവസ്ഥക്കെതിരായ പോരാട്ടത്തിൽ പങ്കെടുത്ത് ജയിൽവാസവും അനുഭവിച്ചു. നവ ഉദാരവൽക്കരണ നയത്തിൻ്റെ ജനവിരുദ്ധത തുറന്നുകാട്ടുന്ന നിരവധി രചനകൾ അദ്ദേഹം നടത്തി. പത്ര വ്യവസായ രംഗത്ത് ദേശീയ തലത്തിൽ തന്നെ അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹവുമായി ഒന്നിച്ചു പ്രവർത്തിച്ച നല്ല അനുഭവങ്ങൾ ഓർമിക്കുകയാണ്. സാധാരണഗതിയിൽ രാഷ്ട്രീയപ്രസംഗങ്ങളിൽ പരാമർശിക്കപ്പെടാതെ പോകുന്ന പരിസ്ഥിതി, സംസ്കാരം, സാഹിത്യം, ചിത്രകല ഒക്കെ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ ഉണ്ടാകും. കേൾവിക്കാർക്കും വേദി പങ്കിടുന്നവർക്കും വിജ്ഞാനത്തിന്റെ വലിയ ലോകം തുറന്നുകൊടുക്കുന്ന പ്രതിഭാശാലിയായ പ്രസംഗകനായിരുന്നു അദ്ദേഹം. എഴുത്തിന്റെ ലോകത്തും അദ്ദേഹം തിളങ്ങി. നിയമസഭാംഗം, പാർലമെന്റ് അംഗം, സംസ്ഥാന മന്ത്രി, കേന്ദ്ര സഹമന്ത്രി എന്നീ നിലകളിലും അദ്ദേഹത്തിന്റെ സവിശേഷമായ പ്രവർത്തനങ്ങൾ നമ്മൾ കണ്ടു. അദ്ദേഹത്തിന്റെ ഓർമ്മക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. കുംടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. Read on deshabhimani.com