എം ടിക്ക് ദേശാഭിമാനി പുരസ്കാരം സമ്മാനിച്ചു



കോഴിക്കോട് > സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ദേശാഭിമാനി പുരസ്കാരം എം ടി വാസുദേവന്‍ നായര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിച്ചു. കോഴിക്കോട് കടപ്പുറത്ത് സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും സിനിമയുടെയും രാഷ്ട്രീയത്തിന്റെയും മണ്ഡലങ്ങളിലെ ഉന്നതശീര്‍ഷര്‍ അണിനിരന്ന ചടങ്ങിലായിരുന്നു വിശ്വസാഹിത്യ പ്രതിഭയായ എം ടിക്ക് ആദരമര്‍പ്പിച്ചത്. നാടിന്റെ സ്പന്ദനവും നാട്ടുകാരുടെ വികാരവുമുള്‍ക്കൊണ്ട എഴുത്തുകാരനാണ് എം ടിയെന്ന് പുരസ്കാരം നല്‍കി മുഖ്യമന്ത്രി പറഞ്ഞു. പുരസ്കാരങ്ങള്‍ എഴുത്തുകാരനെ മുന്നോട്ടുനയിക്കാന്‍ ശക്തിനല്‍കുന്നതായി എം ടി പറഞ്ഞു. എം ടിക്ക് പുരസ്കാരം നല്‍കിയതിലൂടെ ദേശാഭിമാനി  കൂടുതല്‍ ആദരിക്കപ്പെടുകയാണെന്ന് മമ്മൂട്ടി പറഞ്ഞു. ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ ജെ തോമസ് അധ്യക്ഷനായി. വിപ്ളവകാരിയായ എഴുത്തുകാരനായ എം ടിക്ക് ജാതിയുടെയും മതത്തിന്റെയും വേലികള്‍ ഇനിയും ഭേദിക്കാനാകട്ടെയെന്ന് തമിഴ്നടന്‍ ശരത്കുമാര്‍ പറഞ്ഞു. മന്ത്രി ടി പി രാമകൃഷ്ണന്‍, നോവലിസ്റ്റ് സി രാധാകൃഷ്ണന്‍, നടന്‍ മധു, സംവിധായകന്‍ രഞ്ജിത്, മാമുക്കോയ എന്നിവര്‍ സംസാരിച്ചു.  ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജ് പ്രശസ്തിപത്രം വായിച്ചു. എ പ്രദീപ്കുമാര്‍ എംഎല്‍എ സ്വാഗതം പറഞ്ഞു. കേരള സംഗീതനാടക അക്കാദമി ചെയര്‍പേഴ്സണ്‍ കെപിഎസി ലളിത, നടന്‍ വിനീത്, സംവിധായകന്‍ എം മോഹന്‍, ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജാ മുംതാസ്, ഡോ. എം എ റഹ്മാന്‍, സിപിഐ എം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവി, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, നിര്‍മാതാവ് പി വി ഗംഗാധരന്‍ എന്നിവര്‍ സംബന്ധിച്ചു.  ചലച്ചിത്രതാരങ്ങളും പിന്നണിഗായകരും അണിനിരന്ന നൃത്ത-സംഗീത വിരുന്ന് പുരസ്കാര രാവിന് ശോഭയേകി. കോഴിക്കോടന്‍ ജനമനസ്സില്‍ അവിസ്മരണീയ അനുഭൂതി ചൊരിഞ്ഞ വര്‍ണാഭമായ സാംസ്കാരിക ഘോഷയാത്രയുടെ പൊലിമയിലായിരുന്നു അവാര്‍ഡ്ദാനം.   Read on deshabhimani.com

Related News