എല്ലാ പരാതികളും പാർടി പരിഗണിക്കും; ആര് തെറ്റ് ചെയ്താലും കർശന നടപടി: എം വി ഗോവിന്ദൻ
തിരുവനന്തപുരം > നിലമ്പൂർ എംഎൽഎ പി വി അൻവർ നൽകിയ പരാതിയിൽ വേണ്ടത് ഭരണതലത്തിലുള്ള അന്വേഷണമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങൾ ഭരണതലത്തിലുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചയുമായി ബന്ധപ്പെട്ടതാണ്. പരിശോധനയ്ക്കായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. തെറ്റായ സമീപനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും കർശനമായ നടപടി സ്വീകരിക്കുമെന്നും പാർടി തലത്തിലുള്ള അന്വേഷണം ആവശ്യമാണെങ്കിൽ നടത്തുമെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലമ്പൂർ എംഎൽഎ പി വി അൻവർ നൽകിയ പരാതി പരിശോധിച്ചു. പരാതിയായി ഉന്നയിച്ചിട്ടുള്ള സുജിത് ദാസിനെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തു. ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങൾ ഭരണതലത്തിലുള്ള ഉദ്യോഗസ്ഥരുടെ വീഴ്ചയുമായി ബന്ധപ്പെട്ടതാണ്. ഭരണതലത്തിലുള്ള അന്വേഷണമാണ് ഇക്കാര്യത്തിൽ ഉണ്ടാകേണ്ടത് എന്നാണ് പാർടി നിലപാട്. പരിശോധനയ്ക്കായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. വാർത്തകളിൽ വന്നതുപോലെ പരിഹാസ്യമായ കമ്മിറ്റിയല്ല നിലവിൽ വന്നത്. ഉയർന്ന ഉദ്യോഗസ്ഥനായ ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം ലഭിക്കുമെന്നാണ് കരുതുന്നത്. തെറ്റായ സമീപനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും കർശനമായ നടപടി സ്വീകരിക്കും. പാർടിക്ക് ലഭിക്കുന്ന എല്ലാ പരാതികളും പരിഗണിച്ച് നടപടിയെടുക്കുന്ന സമീപനമാണ് സിപിഐ എമ്മിനുള്ളത്. എന്നാൽ കോൺഗ്രസിന് ഇത്തരം സമീപനമില്ല. കോൺഗ്രസിൽ സ്ത്രീകൾക്ക് പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയുണ്ടെന്ന് പറഞ്ഞത് കോൺഗ്രസ് പാർടിയിലെ മുതിർന്ന വനിത അംഗം തന്നെയാണ്. അവരെ കോൺഗ്രസിൽ നിന്ന് തന്നെ പുറത്താക്കി. അത് മാധ്യമങ്ങൾ ഗൗരവപൂർണമായി ചർച്ച ചെയ്തില്ല. ഇത്തരത്തിൽ പരാതി ഉന്നയിക്കുന്നവരെ പുറത്താക്കുന്ന പാർടിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ തെരുവിലിറങ്ങുന്നത്. പി വി അൻവറിന്റെ പരാതിയിലും കോൺഗ്രസ് രാഷ്ട്രീയ നിലപാടാണ് സ്വീകരിക്കുന്നത്. കാര്യങ്ങൾ അന്വേഷിക്കണമെന്നതല്ല കോൺഗ്രസിന്റെ താൽപര്യം. മുഖ്യമന്ത്രി രാജി വയ്ക്കണമെന്നു മാത്രമാണ് കോൺഗ്രസിന്റെ ആവശ്യം. മാധ്യമങ്ങളും അതിന് പിന്തുണ നൽകിക്കൊണ്ടിരിക്കുകയാണ്. എന്തു പ്രശ്നം ഉയർന്നു വന്നാലും മുഖ്യമന്ത്രിക്കും പാർടിക്കുമെതിരെ കടന്നാക്രമണം നടത്താനായി അതിനെ ഉപയോഗിക്കുന്ന രീതിയാണ് കണ്ടുവരുന്നത്. എങ്ങനെ പാർടിയേയും സർക്കാരിനെയും പ്രതിസന്ധിയിലാക്കാം എന്ന ഗവേഷണത്തിലാണ് മാധ്യമങ്ങളും കോൺഗ്രസും. അൻവറിന്റെ പരാതിയെക്കുറിച്ച് പറയുന്ന മാധ്യമങ്ങൾ അൻവറിനെപ്പറ്റി പറയുന്നതും ശ്രദ്ധിക്കേണ്ടതാണ്. കേരളത്തിന്റെ പരിസ്ഥിതിയെ തകർക്കുന്ന ബിസിനസുകൾ നടത്തുന്ന പിന്തിരിപ്പനായ രാഷ്ട്രീയക്കാരൻ എന്ന നിലയിലാണ് അൻവറിനെ ചിത്രീകരിച്ചത്. അത്തരത്തിൽ ചിത്രീകരിച്ച അൻവറിന് ഇപ്പോൾ പ്രാധാന്യം നൽകുന്നു എന്നത് ശ്രദ്ധേയമാണ്. ഇടത് രാഷ്ട്രീയത്തിന്റെ ഭാഗമായതുകൊണ്ടാണ് അൻവറിനെ അന്ന് എതിർത്തത്. ഇന്ന് അൻവറിന് ശ്രദ്ധ കൊടുക്കുന്നത് പരാതിയെ ഇടതുപക്ഷത്തിനെതിരായി തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. അന്വേഷണ റിപ്പോർട്ടിൽ പാർടി തലത്തിൽ പരിശോധിക്കേണ്ട കണ്ടെത്തൽ ഉണ്ടെങ്കിൽ അത് പരിശോധിക്കും. കർശനമായ നടപടിയും ഉണ്ടാകും.അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഉപയോഗിച്ച് പാർട്ടിയെ തകർക്കാൻ പ്രതിപക്ഷ ശ്രമം നടക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കാൻ അൻവറിനെ ഉപയോഗിക്കുന്നു. സർക്കാരിനെയും മുഖ്യമന്ത്രിയേയും ഇടത് രാഷ്ട്രീയത്തെയും എതിർക്കുകയാണ് ലക്ഷ്യം. അൻവർ തന്നെ മുഖ്യമന്ത്രിയിലും പാർട്ടിയിലും വിശ്വാസം എന്ന് പറഞ്ഞിരുന്നു.അപ്പോഴേക്കും മാധ്യമങ്ങൾ അൻവറിന്എതിരായി. ഇതാണ് മാധ്യമങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ സമീപനം. മുഖ്യമന്ത്രിയെയും പാർട്ടിയെയും വേട്ടയാടുകയാണ് ഒരു വിഭാഗം മാധ്യമങ്ങൾ. ബ്രാഞ്ച് സമ്മേളനം കഴിയുന്നതിനു മുമ്പ്തന്നെ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് ആരൊക്കെ എത്തുമെന്ന് ചില മാധ്യമങ്ങൾ നേരത്തെ പ്രവചിച്ചുകഴിഞ്ഞു. സിപിഐ എമ്മിനെതിരെയുള്ള ഇത്തരം കാര്യങ്ങൾ വർഷങ്ങളായി ഇവിടെ നടക്കുന്നതാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സിനിമ മേഖലയിലെ ലിംഗനീതി സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ ഹേമ കമ്മിറ്റിയെ നിയമിച്ചതിന് രാജ്യവ്യാപകമായി അംഗീകാരം ലഭിക്കുകയാണ്. വിവിധ മേഖലകളിൽ ഇത്തരത്തിലുള്ള കമ്മിറ്റികളെ നിയോഗിച്ചുകൊണ്ട് പ്രശ്നങ്ങൾ പഠിക്കാനുള്ള ശ്രമം ആരംഭിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. ഹൈക്കോടതി ഇടപെട്ട് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിനാവശ്യമായ നടപടികൾ വന്നതോടെയാണ് റിപ്പോർട്ട് പുറത്തുവന്നത്. ഇതിനകം 12ഓളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി ഇതിനായി പ്രത്യേക ബഞ്ച് രൂപീകരിച്ചു. ഈ നടപടിയെ സിപിഐ എം സ്വാഗതം ചെയ്യുകയാണ്. ഇന്ത്യയിലാകെ ഇത്തരത്തിലുള്ള സ്ത്രീപക്ഷ സമീപനങ്ങൾ ഉണ്ടാകണം എന്നാണ് പാർടിയുടെ ആവശ്യമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. Read on deshabhimani.com