പെട്ടിവിഷയം അടഞ്ഞ അധ്യായമല്ല; രാഹുൽ ശക്തമായ തിരിച്ചടി എറ്റുവാങ്ങുമെന്ന് എം വി ​ഗോവിന്ദൻ



പാലക്കാട് > പാലക്കാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പെട്ടിവിഷയം അടഞ്ഞ അധ്യായമല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. പാലക്കാട് നിയോജകമണ്ഡലത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിലെ വളരെ പ്രധാനപ്പെട്ടൊരു വിഷയമാണത്. എന്നാൽ അത് മാത്രമല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തിക്കാട്ടുന്നത്. നീലയും കറുപ്പും ബാ​ഗുകളിൽ കള്ളപ്പണം കടത്തിയതും കേന്ദ്ര ​ഗവൺമെന്റിന്റെ കേരളത്തോടുള്ള അവ​ഗണനയും ഇടതുപക്ഷ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുമെല്ലാമാണ് ഇതുവരെ ചർച്ച ചെയ്തത്. ഇനിയും അത്തരം ജനകീയ വിഷയങ്ങളിലൂന്നിയ ചർച്ചകൾ തുടരും. ട്രോളി ബാ​ഗ് വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞതെല്ലാം കളവാണെന്നു പാലക്കാട്ടെ ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. അതിശക്തമായ തിരിച്ചടി രാഹുൽ എറ്റുവാങ്ങും. വ്യാജ ഐഡി കാർഡ് ഉണ്ടാക്കിയതുൾപ്പെടെയുള്ള കാര്യങ്ങൾ ജനങ്ങളുടെ മുന്നിലുണ്ട്. അതിന്റെ സൂത്രധാരൻ ഫെനി തന്നെയാണ് കള്ളപ്പണ ഇടപാടിന്റെയും ചുക്കാൻ പിടിക്കുന്നത്. ആ ഒറ്റക്കാര്യത്തിൽ നിന്നുതന്നെ ജനങ്ങൾക്ക് കള്ളപ്പണം എത്തിയിട്ടുണ്ട് എന്നതിൽ വിശ്വാസം വന്നു. സിപിഐ എം ട്രോളി ബാ​ഗിന്റെ പിന്നാലെ പോയതല്ല. രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാ​ഗമായി ഒരു രാഷ്ട്രീയ പ്രശ്നമായി ഉയർന്നു വന്നതുമല്ലത്. ഇലക്ഷൻ പ്രക്രിയകളുടെ ഭാ​ഗമായി  സ്വാ‌ഭാവികമായി പുറത്തു വന്നതാണ്. ആ പ്രശ്നം വിട്ടുകളയേണ്ട ഒന്നല്ല. ഈ വിഷയത്തിൽ സിപിഐ എമ്മിനുള്ളിൽ രണ്ട് അഭിപ്രായമില്ല. കുഴൽപ്പണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യവുമായി സിപിഐ എം മുന്നോട്ട് പോകും. ഈ വിഷയത്തിൽ മാധ്യമങ്ങൾ മറച്ചു വയ്ക്കാൻ ശ്രമിച്ച ഒരുപാട് കാര്യങ്ങൾക്ക് ഇന്ന് മറുപടി കിട്ടിയിട്ടുണ്ട്. കളക്ടറും എസ്പിയും ഉൾപ്പെടെയുള്ളവർ കാര്യങ്ങളിൽ വ്യക്തത ഉണ്ടാക്കിയിട്ടുണ്ട്. ഇലക്ഷൻ കമീഷന്റെ ഇടപെടലും ഉണ്ടായിട്ടുണ്ട്. ചില മാധ്യമങ്ങൾ ചമച്ചുണ്ടാക്കാൻ ശ്രമിച്ച വാർത്തകളൊന്നുമല്ല സത്യം, ശരിയായ രീതിയിലാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളാണ് അതെല്ലാം. ട്രേളി ബാ​ഗ് സംബന്ധിച്ച് ജനങ്ങൾക്ക് നല്ല ബോധ്യം വന്നിട്ടുണ്ടെന്നും ചില മാധ്യമങ്ങളാണ് ബോധ്യം വന്നിട്ടും ഇത് പ്രകടിപ്പാക്കാതിരിക്കുന്നതെന്നും എം വി ​ഗോവിന്ദൻ പാലക്കാട്ട് പറഞ്ഞു.   Read on deshabhimani.com

Related News