രാഹുൽ പറയുന്നതെല്ലാം കളവ്: സമ​ഗ്രമായ അന്വേഷണം വേണമെന്ന് എം വി ​ഗോവിന്ദൻ



പാലക്കാട് > ഹോട്ടല്‍ പരിശോധനയുമായി ബന്ധപ്പെട്ട് പാലക്കാട്ടെ കോൺ​ഗ്രസ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞതൊന്നും സത്യമല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 'രാഹുല്‍ പറഞ്ഞതെല്ലാം കളവാണെന്ന് തെളിഞ്ഞുകൊണ്ടിരുക്കുകയാണ്. ഹോട്ടലിൽ ഉണ്ടായിരുന്നില്ല, പെട്ടി കൊണ്ടുവന്നില്ല എന്നതടക്കമുള്ള കളവുകളെല്ലാം പൊളിഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെ പെട്ടിയിൽ വസ്ത്രമാണെന്നായി വാദം. താമസിക്കത്ത സ്ഥലത്തേക്ക് വസ്ത്രമടങ്ങുന്ന ബാ​ഗുമായി പോയതടക്കം സംശയാസ്പദമാണ്. പെട്ടികൊണ്ടുവന്നത് വ്യാജ ഐഡി കാർഡ് ഉണ്ടാക്കിയ കേസിലെ പ്രതി ഫെനിയാണ്. ഇവരെയെല്ലാം നുണ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് വേണ്ടത്. കള്ളപ്പണം എത്തിച്ചിട്ടുണ്ടെന്ന വിവരം കിട്ടി പരിശോധനക്കെത്തിയ പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാതെ പ്രതിരോധത്തിലാക്കുകയായിരുന്നു കോൺ​ഗ്രസ് ചെയ്തത്. അതിനർഥം അവർക്ക് പലതും മറയ്ക്കാനുണ്ടായിരുന്നു എന്ന് തന്നെയാണ്. അത് ഒരു തരത്തിലും പുറത്ത് വരാൻ പാടില്ല എന്ന ഉറച്ച നിലപാടിലാണ് പ്രകോപനപരമായി പെരുമാറിയത്. പാലക്കാട് തെരഞ്ഞെടുപ്പിലും കള്ളപ്പണം ഒഴുക്കുക എന്നുള്ള അജണ്ടയാണ് കോണ്‍ഗ്രസിനും ബിജെപിക്കും ഉള്ളത്. ഇതിൽ സമ​ഗ്രമായ അന്വേഷണം വേണം.' കള്ളപ്പണം ഒഴുക്ക് തടയാന്‍ എന്തൊക്കെ ചെയ്യണോ അതൊക്കെ ചെയ്യണമെന്നും സര്‍ക്കാര്‍ വിഷയം അന്വേഷിക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. ഹോട്ടല്‍ പരിശോധനയില്‍ കോണ്‍ഗ്രസിന് പരിഭ്രാന്തിയെന്ന് മന്ത്രി പി രാജീവും പ്രതികരിച്ചിരുന്നു. ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ കാര്യങ്ങള്‍ വ്യക്തമായെന്നും കോണ്‍ഗ്രസ് എന്തോ മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. രാഹുല്‍ പറഞ്ഞത് നുണയാണെന്ന് ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വ്യക്തമായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കള്ളപ്പണം എത്തിയെന്ന വിവരത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി 12നാണ് പാലക്കാട്‌ നഗരമധ്യത്തിലെ കെപിഎം റീജൻസിയിൽ പൊലീസ് പരിശോധന നടത്തിയത്. ഷാനിമോൾ ഉസ്മാന്റെ മുറിയിൽ പരിശോധന നടത്താൻ പൊലീസ് എത്തിയപ്പോഴായിരുന്നു കോൺ​ഗ്രസ് നേതാക്കൾ ഹോട്ടലിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചത്. അതിനു മുൻപ് സിപിഐ എം നേതാക്കളുടെയും ബിന്ദു കൃഷ്ണ അടക്കമുള്ള കോൺ​ഗ്രസുകാരുടെയും മുറി പരിശോധിച്ചിരുന്നു. എന്നാൽ പൊലീസ് ആവശ്യപ്പെട്ടിട്ടും ഷാനിമോൾ ഉസ്മാൻ മുറി തുറന്നില്ല. വനിതാ പൊലീസ്‌ ഇല്ലെന്ന കാരണം ഉന്നയിച്ചായിരുന്നു ആദ്യം മുറി തുറക്കാതിരുന്നത്. പിന്നീട്‌ വനിതാ പൊലീസ്‌ എത്തിയപ്പോൾ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥരില്ലെന്ന വാദമുന്നയിച്ചും പരിശോധന തടയാൻ ശ്രമിച്ചു. ഇതിനുശേഷം കോൺഗ്രസുകാർ സംഘടിച്ചെത്തി പൊലീസിനെയും മാധ്യമപ്രവർത്തകരെയും തടയുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്‌തു. ഇതിനെല്ലാം ശേഷമാണ് ഷാനിമോൾ ഉസ്മാൻ തന്റെ മുറി പരിശോധിക്കാൻ പൊലീസിനെ അനുവദിച്ചത്. ഹോട്ടലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കള്ളപ്പണം കൊണ്ട് വന്നു എന്ന ആരോപണങ്ങള്‍ക്ക് ബലം പകരുന്ന സിസിടിവി ദൃശ്യങ്ങള്‍ വാർത്താ ചാനലുകൾ പുറത്തു വിട്ടിട്ടുണ്ട്. നീല ട്രോളി ബാഗുമായി കെഎസ്‌യു നേതാവ് ഫെനി നടന്നുപോവുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ദൃശ്യങ്ങളിൽ രാഹുലും ഉണ്ട്. എംപിമാരായ ഷാഫി പറമ്പില്‍, ശ്രീകണ്ഠന്‍ എന്നവരും  ജ്യോതികുമാര്‍ ചാമക്കാലയും കെപിഎം ഹോട്ടലിലേക്ക് കയറുന്നതടക്കം പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. പൊലീസ്‌ എത്തുന്നതിന്‌ തൊട്ടുമുമ്പാണ്‌ ഇവർ ഹോട്ടലിൽനിന്ന് പുറത്തേക്കുപോയത്‌. പിന്നീട്‌ 1.20ന്‌ ഇവർ തിരിച്ചെത്തി സംഘർഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. Read on deshabhimani.com

Related News